ന്യൂഡൽഹി: ഇന്ത്യ പറയുന്നത് കേൾക്കാൻ ലോകം കാതോർക്കുന്നെന്ന് നരേന്ദ്ര മോദി. താൻ സംസാരിക്കുന്നത് 140 കോടി ഇന്ത്യക്കാരുടെ മനസെന്ന് പറഞ്ഞ നരേന്ദ്ര മോദി ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ലോകത്തോട് സംസാരിക്കുന്നതിൽ നിന്ന് താൻ ഒരിക്കലും ഒഴിഞ്ഞുമാറാറില്ലെന്നും എന്നാൽ കൊളോണിയൽ കാലം മുതൽ നിലനിന്നിരുന്ന അടിമത്ത മാനസികാവസ്ഥയിൽ നിന്ന് രാജ്യം മുക്തമായെന്നും പറഞ്ഞു. ത്രിരാഷ്‌ട്ര സന്ദർശനത്തിന്‍റെ ഭാഗമായി സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയിൽ നടന്ന കമ്മ്യൂണിറ്റി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങൾ തന്നെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചതിനാൽ 140 കോടി ഇന്ത്യക്കാരുടെ മനസ്സാണ് ഞാനിപ്പോൾ സംസാരിക്കുന്നത്. ഇന്ന് ഇന്ത്യ പറയാൻ ആഗ്രഹിക്കുന്നത് കേൾക്കാൻ ലോകം ആകാംക്ഷയോടെ കാതോർക്കുന്നു. അടുത്തിടെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ തീർഥാടന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സംസാരിക്കവെ, അത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് താൻ ഊന്നിപ്പറയുമ്പോൾ ലോകം തന്നോട് യോജിക്കുന്നു.
'കൊവിഡ്-19 വാക്‌സിനുകൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്‍റെ ശ്രമമായിരുന്നു വാക്‌സിൻ മൈത്രി. ഇതിന്‍റെ വിജയം പലർക്കും സംശയമുണ്ടായിരുന്നു. ഇന്ത്യ ബുദ്ധന്‍റെയും ഗാന്ധിജിയുടെയും നാടാണ്, ശത്രുക്കളെപ്പോലും രാജ്യം കരുതുന്നുണ്ട്. ഇന്ത്യയുടെ വാക്‌സിനുകളോട് ലോകത്തിന് ഇന്ന് നന്ദിയുണ്ട്,' മോദി തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. സിഡ്‌നിയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് പുറമെ മുൻ പ്രധാനമന്ത്രിമാരും പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും ഭരണകക്ഷി എംപിമാരും പങ്കെടുത്തു.
ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുക്കുകയും ഉഭയകക്ഷി യോഗങ്ങൾ നടത്തുകയും ചെയ്‌ത ശേഷം പാപ്പുവ ന്യൂ ഗിനിയ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മോദി വ്യാഴാഴ്‌ച ഇന്ത്യയിൽ തിരിച്ചെത്തി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ അധ്യക്ഷൻ ജെപി നദ്ദ വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിയിരുന്നു.
ബിജെപി ദേശീയ അധ്യക്ഷനൊപ്പം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ, ഡൽഹി എംപി രമേഷ് വിധുരി, ഹൻസ് രാജ് ഹൻസ്, ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുരി എന്നിവരും എത്തിയിരുന്നു. പ്ലക്കാർഡുകളും ദേശീയ പതാകയും പിടിച്ച് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരുന്നത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചരിത്രപരമായ ഒരു കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. നിരവധി വ്യവസായ പ്രമുഖരെയും പ്രമുഖ ഓസ്‌ട്രേലിയക്കാരെയും അദ്ദേഹം കണ്ടു. ചൈതന്യമുള്ള ഇന്ത്യ-ഓസ്‌ട്രേലിയ സൗഹൃദത്തിനായി പ്രവർത്തിക്കുന്നത് തുടരും. ഇത് ആഗോള നന്മയുടെ താൽപ്പര്യം കൂടിയാണ് എന്നായിരുന്നു ഓസ്‌ട്രേലിയൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തത്.