മുംബൈ: മഹാരാഷ്‌ട്രയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പുതിയ പദ്ധതികൾ സംസ്ഥാനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് സുസ്ഥിര വികസനമാണ് വേണ്ടത്, കുറുക്കുവഴി രാഷ്‌ട്രീയമല്ല.
നികുതിദായകരുടെ പണം കൊള്ളയടിക്കുകയും വ്യാജ വാഗ്‌ദാനങ്ങളിലൂടെ അധികാരം പിടിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയക്കാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും യോജിച്ച ശക്തിയിലൂടെയും പുരോഗതിയിലൂടെയും വികസനത്തിലൂടെയും ഒരു വികസിത ഇന്ത്യ യാഥാർഥ്യമാകാം. അതേസമയം ചില രാഷ്‌ട്രീയ പാർട്ടികൾ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണ്.
അത്തരം രാഷ്‌ട്രീയക്കാരെയും പാർട്ടികളെയും ജനങ്ങൾ തുറന്നുകാട്ടണമെന്നും മോദി കൂട്ടിച്ചേർത്തു. നാഗ്‌പൂരിൽ അജ്‌നി റെയിൽവേ സ്‌റ്റേഷനുകളുടെ പുനർ വികസനത്തിന് തറക്കല്ലിടലും ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഉദ്‌ഘാടനവും പ്രധാനമന്ത്രി ഞായറാഴ്‌ച നിർവഹിച്ചു. സമൃദ്ധി എക്‌സ്‌പ്രസ് വേയുടെ ആദ്യഘട്ടത്തിന്‍റെ ഉദ്‌ഘാടനവും ഇന്ന് നടന്നു.
ഞായറാഴ്‌ച രാവിലെ നഗരത്തിൽ എത്തിയ പ്രധാനമന്ത്രി നാഗ്‌പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ദേ ഭാരത് എക്‌സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു. തുടർന്ന് നാഗ്‌പൂർ മെട്രോയുടെ ആദ്യ ഘട്ടം ആരംഭിക്കുകയും അതിന്‍റെ രണ്ടാം ഘട്ടത്തിന് തറക്കല്ലിടുകയും ചെയ്‌തു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നാഗ് നദി മലിനീകരണ നിവാരണ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവഹിക്കും. മോദിയുടെ നാഗ്‌പൂർ സന്ദർശനത്തോടനുബന്ധിച്ച് 4,000 ത്തോളം ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കായി വിന്യസിപ്പിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.