ന്യൂഡൽഹി: നാരദ കേസിലെ കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി നല്‍കിയ ഹർജി സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചതിനെ ചോദ്യം ചെയ്താണ് മമതയുടെ ഹർജി.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് പശ്ചിമ ബംഗാൾ നിയമമന്ത്രി മൊലോയ് ഘട്ടക്ക് സമർപ്പിച്ച പ്രത്യേക അപ്പീലുകൾ പരിഗണിക്കുന്നത്.
also read: നാരദ ഒളിക്യാമറ കേസ്; അറസ്റ്റിലായ മന്ത്രിമാരുടെ ജാമ്യം സ്റ്റേ ചെയ്ത് കൊൽക്കത്ത ഹൈക്കോടതി
കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്ന് മമത ബാനർജി സുപ്രീം കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. നാല് തൃണമൂൽ കോൺഗ്രസ് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ സിബിഐ ഓഫീസിലെത്തിയപ്പോഴാണ് മമതാ ബാനർജിയെ കേസിൽ കക്ഷിയാക്കിയത്.
കഴിഞ്ഞ മാസം ടിഎംസി മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവൻ ചാറ്റർജി എന്നിവരെയാണ് നാരദ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്.
എന്താണ് നാരദ കേസ്
2014ലാണ് തൃണമൂൽ നേതാക്കൾക്കെതിരെ മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ കൊൽക്കത്തയിൽ ഒളിക്യാമറ ഓപ്പറേഷൻ നടത്തുന്നത്. ഇതിനു വേണ്ടി തയാറാക്കിയ സാങ്കൽപിക കമ്പനിയുടെ പ്രതിനിധികളായെത്തിയ മാധ്യമ പ്രവർത്തകരിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു.
തുടർന്ന് 2016ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഈ ദൃശ്യങ്ങൾ പുറത്തു വരുന്നത്. ദൃശ്യങ്ങൾ പുറത്തായതോടെ സംഭവം വൻ രാഷ്‌ട്രീയ വിവാദമായി. നിലവിൽ ഇല്ലാത്ത കമ്പനിക്ക് വേണ്ടി ആനുകൂല്യങ്ങൾ നൽകാൻ കൈക്കൂലി വാങ്ങി അഴിമതി നടത്തിയെന്നാണ് കേസ്. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത് .