കൊൽക്കത്ത: നാരദാ സ്റ്റിങ് ഓപ്പറേഷന്‍ കേസില്‍ അറസ്റ്റിലായ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കാൻ കൊൽക്കത്ത ഹൈക്കോടതി അഞ്ചംഗ ബെഞ്ചിനെ നിയോഗിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസുമാരായ ഐ.പി മുഖർജി, ഹരീഷ് ടാൻഡൻ, സൗമേന്‍ സെന്‍, അരിജിത് ബാനർജി എന്നിവരടങ്ങിയ ബെഞ്ച് മെയ് 24 ന് കേസില്‍ വാദം കേള്‍ക്കും.
ചീഫ് ജസ്റ്റിസ് ബിന്‍ഡാലും ജസ്റ്റിസ് ബാന്‍ജിയുമടങ്ങുന്ന രണ്ടംഗ ബെഞ്ചിനെയാണ് ജാമ്യപേക്ഷ പരിഗണിക്കാന്‍ ആദ്യം നിയോഗിച്ചത്. ജസ്റ്റിസ് ബാനര്‍ജി ജാമ്യം നല്‍കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും നാല് തൃണമൂല്‍ നേതാക്കളും വീട്ട് തടങ്കലില്‍ തന്നെ തുടരണമെന്ന അഭിപ്രായത്തില്‍ ചീഫ് ജസ്റ്റിസ് ഉറച്ച് നിന്നു. ഇരുവര്‍ക്കുമിടയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അഞ്ചംഗ ബെഞ്ച് രൂപീകരിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് തൃണമൂൽ കോൺഗ്രസ് മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, നിലവിലെ എംഎൽഎ മദൻ മിത്ര, മുൻ കൊൽക്കത്ത കോർപ്പറേഷൻ മേയർ സോവൻ ചട്ടോപാധ്യായ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്‌തത്. അന്ന് വൈകുന്നേരം ബാങ്ക്ഷോള്‍ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നും ശരിയായി പ്രവർത്തിക്കാൻ കഴിയില്ലെന്നും കാണിച്ച് സിബിഐ ഉത്തരവ് ചോദ്യം ചെയ്‌തു. തുടര്‍ന്ന് രാത്രിയോടെ ഹൈക്കോടതി കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദ് ചെയ്‌തു.
Also read: മമത ബാനർജി വീണ്ടും മത്സരിക്കും, ജനവിധി തേടുന്നത് ഭവാനിപുരില്‍ നിന്ന്
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി സിബിഐ ഓഫീസിലെത്തി നേതാക്കളെ നിരുപാധികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ അനുയായികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.
2016 ലായിരുന്നു ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച കേസ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും മന്ത്രിമാരും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സ്റ്റിങ് ഓപ്പറേഷനിലൂടെ നാരദാ ന്യൂസ് പുറത്ത് വിടുകയായിരുന്നു.