കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ അക്രമം നടത്താന്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരി നീക്കം നടത്തുന്നതായി തൃണമുല്‍ കോണ്‍ഗ്രസ്. മണ്ഡലത്തിന് പുറത്തുനിന്നുള്ള അക്രമികളെ ഇതിനായി നന്ദിഗ്രാമില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. പുറത്തുനിന്നുമെത്തിയവരെ മണ്ഡലത്തിലെ നാല് സ്ഥലങ്ങളിലായി താമസിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരിടത്ത് സുവേന്ദു അധികാരി സന്ദര്‍ശനം നടത്തിയെന്നും തൃണമൂല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അക്രമത്തിന് സാധ്യതയുണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിക്കുന്നു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. മമത ബാനര്‍ജിക്കെതിരെ തൃണമൂല്‍ മുന്‍ നേതാവും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. നന്ദിഗ്രാമില്‍ പ്രചാരണത്തിനിടെയുണ്ടായ ആള്‍ത്തിരക്കില്‍ മമത ബാനര്‍ജിയുടെ കാലിന് പരിക്കേറ്റത് വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. ഏപ്രില്‍ ഒന്നിനാണ് നന്ദിഗ്രാമില്‍ വോട്ടെടുപ്പ് നടക്കുക.