മുംബൈ: മഹാരാഷ്‌ട്രയിലെ ഗുരുദ്വാരയിലുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. നന്ദദ് ജില്ലയിലെ ശ്രീ ഹാസുര്‍ ഗുരുദ്വാരയിലാണ് തിങ്കളാഴ്‌ച സംഘര്‍ഷം നടന്നത്. കൊവിഡ് സാഹചര്യത്തില്‍ ഹൊല മൊഹല്ല ആഘോഷങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തിരിച്ചറിഞ്ഞ 64 പേര്‍ക്കെതിരെയും തിരിച്ചറിയാത്ത മറ്റുള്ളവര്‍ക്കെതിരെയും വാസിറാബാദ് പൊലീസ് കേസെടുത്തു.
ഹൊല മൊഹല്ല ആഘോഷങ്ങള്‍ ഗുരുദ്വാരക്കകത്ത് മാത്രം നടത്താമെന്ന് ഗുരുദ്വാര കമ്മിറ്റി ഉറപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ പറയുന്നു. മുന്നൂറിലധികം യുവാക്കളാണ് ഗുരുദ്വാരയിലെ ഗേറ്റ് തള്ളിത്തുറന്ന് ആക്രമിക്കാനെത്തിയത്. ഒരു കൂട്ടം ആളുകള്‍ ഗുരുദ്വാരക്ക് പുറത്തേക്ക് വരുന്നതും ബാരിക്കേഡുകള്‍ തകര്‍ത്ത് പൊലീസിനെ ആക്രമിക്കുന്നതുമായ വീഡിയോ വൈറലായിരുന്നു. സംഘര്‍ഷത്തില്‍ നാല് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും, ആറ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
കൊലപാതക ശ്രമം, കലാപം, ആയുധ നിയമത്തിലെ വ്യവസ്ഥകള്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 14 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ശേഷിക്കുന്നവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്നും നന്ദദ് മേഖല ഡിഐജി നിസാര്‍ തമ്പോളി അറിയിച്ചു. ഹോളി കഴിഞ്ഞ് അടുത്ത ദിവസമാണ് സിഖ് വിഭാഗത്തിന്‍റെ ഹൊല മൊഹല്ല ആഘോഷം. ഹോളിയില്‍ വര്‍ണങ്ങള്‍ വാരി വിതറിയാണ് ആഘോഷമെങ്കില്‍ ഹൊല മൊഹല്ല ആഘോഷം എന്നത് സിഖുകാരുടെ ആയോധന കലാ പ്രകടനമാണ്.