ന്യൂഡല്‍ഹി: പാർലമെന്‍റില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തില്‍ ബിജെപി സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അപകടകരമായ ബില്ലുകൾ അർത്ഥവത്തായ ചർച്ചകളില്ലാതെ പാസാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും ഇത് 'നമോക്രസി' ആണെന്നുമാണ് ഖാർഗെയുടെ വിമർശനം. മോദി സർക്കാർ ജനാധിപത്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നു. ക്രിമിനല്‍ നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ ലോക്സഭയുടെ പരിഗണനയ്ക്ക് വെച്ച സാഹചര്യത്തില്‍ സഭയില്‍ നിന്ന് പ്രതിപക്ഷാംഗങ്ങളെ മാറ്റിനിര്‍ത്താനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് ഖാര്‍ഗെ ആരോപിച്ചു.
പാർലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ വിയോജിപ്പുകളും എതിർപ്പുകളും ജനങ്ങൾ കേൾക്കുന്നത് തടയാനാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. അതിനായി നിയമനിർമാണ സഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്യുക, പുറത്താക്കുക എന്ന നയമാണ് ഭരണ പക്ഷം സ്വീകരിക്കുന്നത്. 141 പ്രതിപക്ഷ എംപിമാരെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് ഈ രാജ്യത്തെ ജനാധിപത്യത്തെ തകർക്കാൻ ഒരു സ്വേച്ഛാധിപത്യ സർക്കാർ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാരുടെ അവകാശങ്ങളെ തടയുന്ന അതിക്രൂരമായ അധികാരക്രമങ്ങൾ അനുവദിക്കുന്ന ക്രിമിനൽ നിയമഭേദഗതി പോലെയുള്ള പ്രധാനബില്ലുകൾ പരിഗണനയ്ക്കുവെക്കുമ്പോഴാണ് എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതെന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
പാര്‍ലമെന്റിലുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നും അതേക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്യണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചതിന് ശശി തരൂർ, കെ സുധാകരൻ, അടൂർ പ്രകാശ്, അബ്‌ദുൾ സമദ് അടക്കം അൻപത് എംപിമാരെയാണ് ഇന്ന് സസ്‌പെൻഡ് ചെയ്‌തത്. സോണിയ ഗാന്ധിയെ ഒഴിവാക്കി. സഭയിലെ ബഹളത്തിന്‍റെ പേരില്‍ സസ്‌പെൻഷൻ ലഭിച്ചവരില്‍ എൻസിപി നേതാവ് സുപ്രിയ സുലെ, കോൺഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരും ഉൾപ്പെടും.
ബഹളത്തിന്‍റെ പേരില്‍ ഈ സമ്മേളന കാലയളവില്‍ ഇതുവരെ പാർലമെന്‍റിന്‍റെ ഇരുസഭകളിലുമായി സസ്‌പെൻഡ് ചെയ്യപ്പെട്ടത് 141 പ്രതിപക്ഷ എംപിമാർ. ലോക്‌സഭയില്‍ 96 ഉം രാജ്യസഭയില്‍ 45 ഉം എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ലോക്‌സഭയിലെ തുടർച്ചയായ സസ്പെൻഷനുകൾക്ക് ശേഷം, ശീതകാല സമ്മേളനത്തിന്‍റെ വരും ദിവസങ്ങളില്‍ ഇന്ത്യ ബ്ലോക്കിന് ഇനി ശേഷിക്കുന്നത് 43 എംപിമാർ മാത്രം. 138 എംപിമാരാണ് ഇന്ത്യ ബ്ലോക്കിന് ലോക്‌സഭയിലുണ്ടായിരുന്നത്.
also read: സസ്‌പെൻഷൻ പണിയായി, ലോക്‌സഭയില്‍ അംഗബലമില്ലാതെ ഇന്ത്യ ബ്ലോക്ക്