മംഗളുരു : ദക്ഷിണ കന്നഡയിലെ അങ്കത്തഡ്‌കയിലുള്ള സർക്കാർ ഹയർ പ്രൈമറി സ്‌കൂളിൽ ക്ലാസ് മുറിയിൽ ഇസ്ലാം മതസ്ഥരായ കുട്ടികൾ നമസ്‌കാരം നിര്‍വഹിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പരിഹാരം. സ്‌കൂൾ അധികൃതരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ശനിയാഴ്‌ച നടത്തിയ ചർച്ചയിലാണ് ഒത്തുതീര്‍പ്പായത്.
വിദ്യാർഥികൾ നിസ്‌കാരം ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഒരു വിഭാഗം നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ, സ്‌കൂൾ വളപ്പിനുള്ളിൽ കുട്ടികൾ ഇനി നിസ്‌കാരം നിര്‍വഹിക്കില്ലെന്ന് രക്ഷിതാക്കളില്‍ നിന്ന് ഉറപ്പ് വാങ്ങുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍.
Also Read: ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ ഏറ്റവും മാരകരൂപം പ്രാപിക്കുന്നു: നോം ചോംസ്കി
കുട്ടികൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും രക്ഷിതാക്കൾ ഉറപ്പുനൽകിയതായി ചർച്ചയിൽ പങ്കെടുത്ത പുത്തൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സി. ലോകേഷ് പറഞ്ഞു.
വെള്ളിയാഴ്‌ചകളിൽ സ്‌കൂൾ സമയങ്ങളിൽ വിദ്യാർഥികളെ നമസ്‌കാരത്തിന് കൊണ്ടുപോകില്ലെന്നും രക്ഷിതാക്കൾ ഉറപ്പുനൽകി. നിസ്‌കാരം പോലുള്ള മതപരമായ ചടങ്ങുകൾ സ്‌കൂളിൽ അനുവദിക്കില്ലെന്ന് അധികൃതർ രക്ഷിതാക്കളോട് കർശനമായി പറഞ്ഞു.
നമസ്‌കാരത്തിന് കൊണ്ടുപോകാനായി രക്ഷിതാക്കൾ വരാതിരുന്നതിനെ തുടർന്ന് അഞ്ച്, ഏഴ് ക്ലാസിലെ ചില കുട്ടികളാണ് ഫെബ്രുവരി 4 വെള്ളിയാഴ്‌ച ഒഴിഞ്ഞ ക്ലാസ് മുറിയിൽ നമാസ് ചെയ്‌തത്. ഇതിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.