നളന്ദ(ബിഹാര്‍): ബിഹാറിലെ നളന്ദയില്‍ വ്യാജ മദ്യം കഴിച്ച് ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ മരണസഖ്യ 11 ആയി ഉയർന്നു. അപകടത്തിൽ നേരത്തെ ഒൻപത് പേർ മരിച്ചിരുന്നു.
മരണസഖ്യ ഉയർന്നതോടെ ഛോട്ടി പഹാരി മേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ദുരന്തത്തിൽ മരിച്ചവർ വെള്ളിയാഴ്‌ച വൈകുന്നേരം ഒരുമിച്ചിരുന്ന് മദ്യപിക്കുകയും വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വ്യാജ മദ്യം പിടിച്ചെടുക്കുന്നതിനായി ജില്ലാ പൊലീസ് കോമ്പിങ് ഓപ്പറേഷൻ ആരംഭിച്ചു.
ഛോട്ടി പഹാഡിയെ നാല് ഭാഗങ്ങളായി തിരിച്ചാണ് പ്രത്യേക തെരച്ചിൽ നടത്തുന്നത്. മദ്യ ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ആറ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ശുഭങ്കർ അറിയിച്ചു. നളന്ദ ജില്ലയിൽ ഇതുവരെ 184 ലിറ്റർ വ്യാജ മദ്യവും 225 ലിറ്റർ വിദേശമദ്യവും പിടികൂടിയതായും അദ്ദേഹം അറിയിച്ചു.
ALSO READ: വ്യാജമദ്യം കഴിച്ച് എട്ട് മരണം ; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍
അതേസമയം വ്യാജമദ്യം പരസ്യമായി വിൽപ്പന നടത്തിയതിന് ഉത്തരവാദി പൊലീസാണെന്ന ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ രംഗത്തെത്തി. മദ്യ വിൽപ്പനയെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും പൊലീസ് വിഷയം ഗൗരവമായി എടുത്തില്ലെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ സൊഹ്‌സരായ് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് സുരേഷ് പ്രസാദിനെ സസ്പെൻഡ് ചെയ്തതായി എസ്‌പി അശോക് മിശ്ര അറിയിച്ചു.