നാഗ്പൂർ: വീടിനുള്ളിൽ മിനി പെട്രോൾ പമ്പ് നടത്തിയ സ്ത്രീയുൾപ്പെടെ മൂന്നംഗ സംഘം അറസ്റ്റിൽ. മീന ദ്വിവേദി എന്ന സ്ത്രീയും പേരു വെളിപ്പെടുത്താത്ത മറ്റ് രണ്ടുപേരുമാണ് അറസ്റ്റിലായത്. പെട്രോളിയം ഡിപ്പോയിൽ നിന്നും ടാങ്കറുകളിൽ പെട്രോൾ പമ്പുകളിലേക്ക് എത്തിച്ചിരുന്ന പെട്രോൾ, ഡ്രൈവറുടെ സഹായത്തോടെ മോഷ്ടിച്ച ശേഷം കുറഞ്ഞ നിരക്കിൽ വിൽപന നടത്തിവരികയായിരുന്നു ഇവർ. ഖാപ്രിയിലെ മീനയുടെ വീട്ടിൽ നിന്നും 12,000 ലിറ്റർ പെട്രോളും പൊലീസ് പിടിച്ചെടുത്തു.
ALSO READ: പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ ശ്രമം; സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍
പെട്രോളിയം ഡിപ്പോയിൽ നിന്ന് ഇവരുടെ വീട്ടിലേക്ക് അനധികൃതമായി പെട്രോൾ എത്തിക്കുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ലിറ്ററിന് 110 രൂപ വിലയുള്ള പെട്രോൾ 77 രൂപയ്ക്കാണ് വിറ്റത്. 22 ലിറ്റർ കാൻ പെട്രോൾ 1200 മുതൽ 1500 രൂപ വരെ വിലയിൽ ഡ്രൈവർമാർ ഈ സംഘത്തിന് വിൽപന നടത്തിയതായും തുടർന്ന് ഇതേ കാൻ 1700 മുതൽ 1800 രൂപ വരെ വിലയിൽ സംഘം വിൽപന നടത്തുന്നുവെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.