തെലുഗു സൂപ്പര്‍താരം നാഗ ചൈതന്യയുടെ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തെലുഗു ആക്ഷൻ ത്രില്ലർ ചിത്രം കസ്‌റ്റഡിയുടെ എക്‌സ്‌ക്ലൂസീവ് ഗ്ലോബൽ സ്ട്രീമിംഗ് പ്രീമിയർ തീയതി പുറത്ത്. ജൂൺ 9ന് സ്‌ട്രീമിംഗ് ആരംഭിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചു.
ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളില്‍ ചിത്രം, ജൂൺ 9ന് മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ സ്‌ട്രീമിംഗ് ആരംഭിക്കും. വെങ്കട്ട് പ്രഭു തിരക്കഥയും സംവിധാനവും നിർവ്വഹിച്ച സിനിമയില്‍ നാഗ ചൈതന്യയും കൃതി ഷെട്ടിയും, അരവിന്ദ് സ്വാമിയുമാണ് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയത്. ശ്രീനിവാസ ചിറ്റൂരിയാണ് നിര്‍മാണം.
ശിവ എന്ന യുവ കോണ്‍സ്‌റ്റബിളിന്‍റെ വേഷമായിരുന്നു ചിത്രത്തില്‍ നാഗ ചൈതന്യയുടേത്. രാജു എന്ന അപകടകാരിയായ കുറ്റവാളിയുടെ വേഷത്തെ അരവിന്ദ് സ്വാമിയും അവതരിപ്പിച്ചു. രാജു എന്ന അപകടകാരിയായ കുറ്റവാളിയെ ബെംഗളൂരുവിലെ കോടതിയിലേക്ക് കൊണ്ടുപോകാനുള്ള വലിയ അപകടസാധ്യതയുള്ള ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ട കോണ്‍സ്‌റ്റബിള്‍ ശിവയെ കേന്ദ്രീകരിച്ചുള്ള ഒരു ആക്ഷൻ ഡ്രാമയാണ് കസ്‌റ്റഡി.
പ്രിയാമണി, ശരത് കുമാർ, സമ്പത്ത് രാജ്, പ്രേംജി അമരൻ, വെണ്ണേല കിഷോർ, പ്രേമി വിശ്വനാഥ് എന്നിവരും കസ്‌റ്റഡിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മെയ് 12നായിരുന്നു കസ്‌റ്റഡിയുടെ തിയേറ്റര്‍ റിലീസ്. നീതിക്കുവേണ്ടിയുള്ള അശ്രാന്ത പരിശ്രമം കൂടിയായിരുന്നു കസ്‌റ്റഡി. ചിത്രത്തെ കുറിച്ച് സംവിധായകൻ വെങ്കട്ട് പ്രഭു പ്രതികരിക്കുന്നുണ്ട്.
'ഡ്രാമ, ആക്ഷൻ, ത്രില്ലര്‍ എന്നിവയുടെ സവിശേഷമായ ഒരു മിശ്രിതമാണ് കസ്‌റ്റഡി. സിനിമയെ പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്നു. നാഗ ചൈതന്യയെ നായകനാക്കി, ഞങ്ങൾ കഥാപാത്രത്തിന് ഒരു പുതിയ തലം പര്യവേക്ഷണം ചെയ്‌തു. അത് അദ്ദേഹം പൂർണതയോടെ അവതരിപ്പിച്ചു. ഒപ്പം തന്‍റെ സാന്നിധ്യവും ചാരുതയും കൊണ്ട് കൃതി ഷെട്ടിയും സ്‌ക്രീനിൽ നിറഞ്ഞു നിന്നു.' -സംവിധായകന്‍ വെങ്കട്ട് പ്രഭു പറഞ്ഞു.
'കൂടാതെ, ഇതിഹാസ സംഗീത സംവിധായകൻ ഇളയരാജയ്‌ക്കൊപ്പവും, യുവൻ ശങ്കർ രാജയ്‌ക്കൊപ്പവും ആദ്യമായി പ്രവർത്തിക്കാനായത് ഒരു സ്വപ്‌നം സാക്ഷാത്കരിക്കുന്നത് പോലെയായിരുന്നു. കസ്‌റ്റഡി എനിക്ക് വളരെ സവിശേഷ പ്രോജക്‌ടാണ്. മാത്രമല്ല സിനിമയുടെ എക്‌സ്‌ക്ലൂസീവ് ഗ്ലോബൽ സ്ട്രീമിംഗിൽ ഞാൻ സന്തോഷിക്കുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ, 240ലധികം രാജ്യങ്ങളിലെ പ്രേക്ഷകർക്ക് ചിത്രം കാണാനും ആസ്വദിക്കാനും കഴിയും.' -വെങ്കട്ട് പ്രഭു പ്രതികരിച്ചു.
അതേസമയം ബോളിവുഡ് താരം കാർത്തിക് ആര്യന്‍റെ ബ്ലോക്ക്ബസ്‌റ്റര്‍ ഹൊറർ കോമഡി ചിത്രം 'ഭൂൽ ഭുലയ്യ 2' ന്‍റെ സൗത്ത് റീമേക്കിൽ നാഗ ചൈതന്യയാണ് അഭിനയിക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തെന്നിന്ത്യന്‍ താരം ജ്യോതിക നായികയായെത്തുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണോ നായകനായെത്തുന്നത് എന്നതില്‍ വ്യക്തത വരുത്തി താരത്തിന്‍റെ ടീം രംഗത്തെത്തിയിരുന്നു.
റീമേക്കില്‍ നാഗ ചൈതന്യ പ്രത്യക്ഷപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ താരത്തിന്‍റെ ടീം നിഷേധിച്ചു. 'വസ്‌തുത പരിശോധിക്കുക: ഭൂൽ ഭുലയ്യ 2 റീമേക്കില്‍ നാഗചൈതന്യ അഭിനയിക്കുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണ്.' -ഇപ്രകാരമായിരുന്നു നാഗചൈതന്യയുടെ ടീം ട്വിറ്ററില്‍ കുറിച്ചത്.
Also Read: കാര്‍ത്തിക് ആര്യന് പകരം നാഗ ചൈതന്യയോ? റീമേക്കിനൊരുങ്ങി ഭൂൽ ഭുലയ്യ 2..