ന്യൂഡൽഹി : ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. യുക്രൈനും റഷ്യക്കും ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റുകൾ. ജെ.പി നദ്ദയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ ഐസിജെ ഓൺസ് ഇന്ത്യ എന്ന് അക്കൗണ്ടിന്‍റെ പേരുമാറ്റി. നിലവിൽ അക്കൗണ്ട് നിയന്ത്രണത്തിലാണെന്നും ട്വിറ്റർ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
'യുക്രൈനിലെ ജനങ്ങൾക്കൊപ്പം'
യുക്രൈനിലെ ജനങ്ങൾക്കൊപ്പം നില്‍ക്കണമെന്നായിരുന്നു അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ആദ്യ ട്വീറ്റ്. തുടർന്ന് ക്രിപ്‌റ്റോ കറൻസി സ്വീകരിക്കുന്നുവെന്നും ട്വീറ്റ് ചെയ്‌തു. അഞ്ച് മിനിറ്റിന് ശേഷം തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും യുക്രൈൻ സർക്കാരിന് എല്ലാ സംഭാവനയും നൽകണമെന്നും ട്വീറ്റ് ചെയ്‌തു.
'അല്ല റഷ്യക്കാണ് സഹായം വേണ്ടതെന്ന് ട്വീറ്റ്'
റഷ്യയിലെ ജനങ്ങൾക്കൊപ്പമാണെന്നും ക്രിപ്‌റ്റോ കറൻസി സംഭാവനകൾ സ്വീകരിക്കുന്നുവെന്നും 10.02ഓടെ മറ്റൊരു ട്വീറ്റ് വന്നു. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും റഷ്യക്ക് സംഭാവനകൾ നൽകണമെന്നും അവർക്ക് നിങ്ങളുടെ സഹായം ആവശ്യമാണെന്നും തുടര്‍ ട്വീറ്റ്.
കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ക്രിപ്‌റ്റോകറൻസി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ അക്കൗണ്ടിലും ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.