ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വീണ്ടും ബംഗാളിലെത്തും. ജനുവരി 9നാണ് പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെത്തുന്നത്. ജില്ലയിലെ റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കന്‍മാരെ ജെപി നദ്ദ സന്ദര്‍ശിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ബിജെപിയും ആര്‍എസ്എസും സംയുക്തമായി ജനുവരി 5 മുതല്‍ 7 വരെ അഹമ്മദാബാദില്‍ ചര്‍ച്ച നടത്തും.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബിജെപി പാളയത്തില്‍ ചര്‍ച്ച നടക്കുന്നതെന്നും ശ്രദ്ധേയമാണ്. ജെപി നദ്ദയും, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. യോഗത്തില്‍ ചില കേന്ദ്രമന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഹമ്മദാബാദില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് നദ്ദയെത്തുന്നത്. പാര്‍ട്ടി മുതിര്‍ന്ന നേതാക്കളെയും അദ്ദേഹം സന്ദര്‍ശിക്കും. ജനുവരി 7ന് അദ്ദേഹം അഹമ്മദാബാദ് വിടും.
അതേ സമയം കഴിഞ്ഞ ഡിസംബറില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഡിസംബര്‍ 20ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു. അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ തൃണമൂല്‍ പാളയത്തിന് ഇളക്കം തട്ടിയിരുന്നു. മൂന്ന് എംഎല്‍എമാരാണ് ആ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്ന ഗതാഗത മന്ത്രി സുവേദു അധികാരിയും പാര്‍ട്ടി വിടുകയും ബിജെപിയില്‍ ചേരുകയും ചെയ്‌തു.
11 തൃണമൂല്‍ എംഎല്‍എമാരാണ് അമിത് ഷായുടെ റാലിയില്‍ ബിജെപി അംഗത്വമെടുത്തത്. ഒരു വശത്ത് മമതാ ബാനര്‍ജി കേന്ദ്രവുമായി കൊമ്പുകോര്‍ക്കുമ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നും നേതാക്കള്‍ കൊഴിഞ്ഞു പോയതിനെ തടഞ്ഞുനിര്‍ത്താന്‍ മമതയ്‌ക്ക് കഴിഞ്ഞില്ല. അതേ സമയം സിപിഎം എംഎല്‍എ താപ്‌സി മൊണ്ടലും ബിജെപിയില്‍ ചേരുകയും ചെയ്‌തു. പശ്ചിമബംഗാളില്‍ ബിജെപി പിടിമുറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തൃണമൂലില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കും ജെപി നദ്ദ വീണ്ടും ബംഗാളിലെത്തുന്നതും ശ്രദ്ധേയമാകുന്നത്.