ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നു. 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി സംഘടനയെ ശക്തിപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. 100 ദിവസം വരെ നീണ്ടുനിൽക്കുന്ന യാത്രക്കാണ് നദ്ദ തയ്യാറെടുക്കുന്നത്.
ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച നദ്ദ, പാർട്ടിയുടെ പൊതു പ്രതിനിധികളെ സന്ദർശിക്കുക, പുതിയ സഖ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക, സംസ്ഥാന സർക്കാരുകളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക, സ്വാധീന ഗ്രൂപ്പുകളുമായി ചർച്ച നടത്തുക, പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വ്യക്തത വരുത്തുക, പാർട്ടിയുടെ മുതിർന്ന പ്രവർത്തകരുമായും സംസ്ഥാനങ്ങളിലെ സഖ്യ പങ്കാളികളുമായും ചർച്ച നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ തുടരുകയാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചില മാർഗനിർദേശങ്ങളോടെയാണ് നദ്ദ യാത്രക്കൊരുങ്ങുന്നത്. യോഗം നടക്കുന്ന ഹാളുകളിൽ 200 ൽ കൂടുതൽ പേർ ഉണ്ടായിരിക്കരുത്. താപനില പരിശോധന, സാനിറ്റൈസർ, മാസ്‌ക് എന്നിവ നിർബന്ധമായിരിക്കണം. ഷാൾ, മാലകൾ എന്നിവ സമ്മാനിക്കാൻ പാടില്ല.
സന്ദർശനം നടത്തുന്ന സംസ്ഥാനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ബിജെപി സർക്കാർ ഭരിക്കുന്ന നാഗാലാൻഡ്, ബിഹാർ, കർണാടക, ത്രിപുര തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളാണ് എ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ 'ബി' വിഭാഗത്തിലും, ലക്ഷദ്വീപ്, മേഘാലയ, മിസോറാം എന്നിവ സി വിഭാഗത്തിലും, കേരളം, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി, തമിഴ്‌നാട് എന്നിവ ഡി വിഭാഗത്തിലുമാണ്. സി വിഭാഗത്തിലുള്ള സംസ്ഥാനങ്ങളിൽ നദ്ദ രണ്ട് ദിവസം ഉണ്ടാകും. എ, ബി വിഭാഗത്തിലുള്ള സംസ്ഥാനങ്ങളിൽ മൂന്ന് ദിവസവും യുപിയിൽ എട്ട് ദിവസവും ഉണ്ടായിരിക്കും.