കര്‍ണൂല്‍ (ആന്ധ്രപ്രദേശ്) : തെലുഗുദേശം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ 2024 ലെ തെരഞ്ഞെടുപ്പോടെ മത്സരിക്കുന്നത് അവസാനിപ്പിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ബുധനാഴ്‌ച രാത്രി കര്‍ണൂലില്‍ നടന്ന റോഡ് ഷോയിലാണ് ചന്ദ്രബാബു നായിഡു വികാരാധീനനായത്. താന്‍ നിയമസഭയില്‍ തിരിച്ചെത്തണമെങ്കില്‍, രാഷ്‌ട്രീയത്തില്‍ തുടരണമെങ്കില്‍, ആന്ധ്രപ്രദേശിന് നീതി ലഭിക്കണമെങ്കില്‍ തന്നെ വിജയിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ ചന്ദ്രബാബു നായിഡു ജനങ്ങളോട് ആവശ്യപ്പെട്ടു.
'നിങ്ങള്‍ ഞങ്ങളുടെ വിജയം ഉറപ്പാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് എന്‍റെ അവസാന മത്സരമാകും' - ചന്ദ്രബാബു നായിഡു പറഞ്ഞു. ഭരണ കക്ഷിയായ വൈഎസ്ആർ കോൺഗ്രസ് തന്‍റെ ഭാര്യയെ സഭയില്‍ അപമാനിച്ചു എന്നാരോപിച്ച്, 2021 നവംബര്‍ 19ന്, അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ നിയമസഭയിലേക്ക് വരൂ എന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.
'പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഞാന്‍ സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് തിരികെ കൊണ്ടുവരികയും സംസ്ഥാനത്തിന്‍റെ ഭാവി ഭദ്രമാക്കുകയും ചെയ്യും' - ടിഡിപി നേതാവ് പറഞ്ഞു. 'എന്‍റെ പോരാട്ടം കുട്ടികളുടെ ഭാവിക്കും സംസ്ഥാനത്തിന്‍റെ പുരോഗതിക്കും വേണ്ടിയാണ്. ഇത് വെറും വാക്കല്ല, ഞാൻ ഇത് മുമ്പ് ചെയ്‌തിട്ടുണ്ട്, അതിന് തെളിവുകളുമുണ്ട്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലരും പ്രായം പറഞ്ഞ് പരിഹസിക്കുകയാണെന്നും തനിക്കും പ്രധാനമന്ത്രിക്കും ഒരേ പ്രായമാണെന്നും 79-ാം വയസിലാണ് ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്‍റ് ആയതെന്നും 72കാരനായ ചന്ദ്രബാബു നായിഡു പറഞ്ഞു. ചന്ദ്രബാബു നായിഡു തെരഞ്ഞെടുക്കപ്പെട്ടാല്‍ സംസ്ഥാനത്തെ മുഴുവന്‍ സൗജന്യ പദ്ധതികളും നിര്‍ത്തലാക്കുമെന്ന് വൈഎസ്ആർസി ആരോപിച്ചിരുന്നു. എന്നാല്‍ വൈഎസ്ആർസിയുടെ ആരോപണത്തെ ചന്ദ്രബാബു നായിഡു തള്ളി.
താന്‍ വിജയിച്ചാല്‍ നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മറ്റ് ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'സംസ്ഥാനത്തിന്‍റെ ആവശ്യം അറിഞ്ഞ് ഞങ്ങള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ പോലെ ഞങ്ങള്‍ കടം വാങ്ങില്ല.
പണം വിവേചന രഹിതമായി ചെലവഴിച്ചത് സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടു. സംസ്ഥാനത്തിന്‍റെ ആസ്‌തികള്‍ പണയപ്പെടുത്തി സര്‍ക്കാര്‍ വന്‍തോതില്‍ വായ്‌പയെടുത്തിരിക്കുകയാണ് - ചന്ദ്രബാബു നായിഡു ആരോപിച്ചു.