ഇംഫാൽ : മണിപ്പൂർ മുഖ്യമന്ത്രിയായി എൻ. ബിരേൻ സിങ് തുടരുമെന്ന് ബിജെപി. മാർച്ച് 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി മുഖം ആരാകുമെന്നതിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ പത്ത് ദിവസത്തെ അസ്വാരസ്യങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് മണിപ്പൂർ ബിജെപി സർക്കാരിന്‍റെ അമരത്ത് ബിരേൻ സിങ് തന്നെ തുടരുമെന്ന തീരുമാനത്തിൽ എത്തിയത്.
മുഖ്യമന്ത്രിയായി ബിരേൻ സിങിനെ ഐകകണ്‌ഠേന തെരഞ്ഞെടുത്തതായി ധനമന്ത്രി നിർമല സീതാരാമനാണ് ഞായറാഴ്‌ച (20.03.2022) പ്രഖ്യാപിച്ചത്. ബിരേനെ മുഖ്യമന്ത്രിയായി നിലനിർത്തുന്നതിലൂടെ മണിപ്പൂരിൽ സുസ്ഥിരവും ഉത്തരവാദിത്വ പൂർണവുമായ ഒരു സർക്കാരിനെ മുന്നില്‍നിര്‍ത്തുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിവരികയാണെന്നും ധനമന്ത്രി പറഞ്ഞു. പുതിയ ബിജെപി സർക്കാർ രൂപീകരണത്തിന്‍റെ ഭാഗമായുള്ള നിർണായക പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ നിർമല സീതാരാമൻ, കിരൺ റിജിജു, പാർട്ടി നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവർ ഇന്ന് ഇംഫാലിൽ എത്തിയിരുന്നു.
2002 മുതൽ ഹീൻഗാങ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബിരേൻ സിങ്, തുടർച്ചയായ അഞ്ചാം തവണയും മണ്ഡലം നിലനിർത്തിക്കൊണ്ടാണ് അധികാരത്തിലേറിയിരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുക മാത്രമല്ല, പ്രാദേശിക പാർട്ടികളായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജൻശക്തി പാർട്ടി എന്നിവയുമായി സഖ്യമുണ്ടാക്കി ബിജെപിയെ അധികാരത്തിലെത്തിക്കുകയും ചെയ്‌തു.
മുന്‍പ്, 2017 മാർച്ച് 15നാണ് മണിപ്പൂർ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ഒടുവിലായി നടന്ന തെരഞ്ഞെടുപ്പിൽ 18,000ലധികം വോട്ടുകളുടെ കനത്ത ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം കോൺഗ്രസിന്‍റെ പംഗേജം ശരത്ചന്ദ്ര സിങ്ങിനെയാണ് മലര്‍ത്തിയടിച്ചത്.