ഐസ്വാള്‍ (മിസോറാം): വിമതരുമായി നടന്ന ഏറ്റുമുട്ടലിനിടെ പ്രാണരക്ഷാർത്ഥം ഇന്ത്യയിലേക്ക് കടന്ന മ്യാന്മർ സൈനികരെ തിരിച്ചയച്ചു. വ്യഴാഴ്‌ച ഇന്ത്യയിലേക്ക് കടന്ന 29 മ്യാൻമർ സൈനികരെയാണ് ഇന്ന് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത് (Myanmar Soldiers Who Crossed Over To India After Gunfight Sent Back). സായുധ വിമത ഗ്രൂപ്പായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സുമായി (പിഡിഎഫ്) നടന്ന രക്തരൂക്ഷിതമായ വെടിവയ്പ്പിനിടെയാണ് സൈനികർ അതിർത്തി കടന്ന് മിസോറാമിലെത്തിയത്.
ഇന്ത്യൻ അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ, മ്യാൻമറിലെ ചിൻ സംസ്ഥാനത്താണ് സൈനികരുടെ ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ ക്യാമ്പ് ഏറ്റുമുട്ടലിലൂടെ വിമതർ കയ്യടക്കി. പിഡിഎഫുമായി ബന്ധമുള്ള പ്രാദേശിക വിമത ഗ്രൂപ്പായ ചിൻ നാഷണൽ ഡിഫൻസ് ഫോഴ്‌സ് (സിഎൻഡിഎഫ്) ആണ് പട്ടാള ക്യാമ്പ് കീഴടക്കിയത്.
മ്യാന്മർ സൈനികരെ മണിപ്പൂരിലെ മോറെയിലേക്ക് വിമാനമാർഗ്ഗം എത്തിക്കുകയും അവിടെനിന്ന് തൊട്ടടുത്ത മ്യാൻമാറീസ് പട്ടണമായ തമുവിലേക്ക് കൊണ്ടുവിടുകയുമായിരുന്നുവെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. നിർത്താതെ പെയ്യുന്ന മഴ മൂലം കൈമാറ്റ നടപടി വൈകിയിരുന്നു. ഇതുമൂലം മ്യാന്മാർ സൈനികർക്ക് ഏതാനും ദിവസം കൂടുതൽ ഇന്ത്യയിൽ കഴിയേണ്ടിവന്നു.
ഇന്ത്യയ്ക്കും മ്യാൻമറിനും ഇടയിലുള്ള അതിർത്തി നദിയായ ടിയാവുവിന് സമീപം, ചമ്പായി ജില്ലയിലെ സൈഖുമ്പായിയിലേക്ക് കാല്‍നടയായെത്തിയ മ്യാന്മാർ സൈനികരെ അസം റൈഫിൾസും സംസ്ഥാന പോലീസും സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തേക്ക് തിരിച്ചയക്കുന്നതിന് മുമ്പ് ഇവർ അസം റൈഫിൾസിന്‍റെ കസ്റ്റഡിയിലായിരുന്നെന്നും അവർ പറഞ്ഞു. നേരത്തെ സമാന സാഹചര്യത്തിൽ മിസോറാമിലേക്ക് പലായനം ചെയ്‌തെത്തിയ 45 മ്യാൻമർ സൈനികരെയും ഇന്ത്യ സ്വരാജ്യത്തേക്ക് തിരിച്ചയച്ചിരുന്നു.
അതേസമയം നിലവിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സ്ഥിതിഗതികൾ സമാധാനപരമാണെന്നും, നവംബർ 15ന് ശേഷം ഏറ്റുമുട്ടലുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച തുടങ്ങിയ ഏറ്റുമുട്ടലിന് പിന്നാലെ 5,000 ത്തോളം സാധാരണക്കാരും മ്യാന്മറിൽ നിന്ന് മിസോറാമിലേക്ക് കടന്നിരുന്നു. ഇതിനോടകം ഇവരിൽ ഭൂരിഭാഗവും സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read: അതിര്‍ത്തിയിലെ സംഘര്‍ഷം: മ്യാന്‍മറില്‍ നിന്നുള്ള 5000 പേര്‍ മിസോറാമില്‍ അഭയം തേടി