ന്യൂഡൽഹി : കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക അതിക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. കുട്ടിയായിരുന്ന സമയത്ത് പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നതായാണ് സ്വാതി വെളിപ്പെടുത്തിയത്. തന്‍റെ അമ്മ, മുത്തശ്ശി, ബന്ധുക്കൾ എന്നിവരുടെ ഭാഗത്തു നിന്നുണ്ടായിരുന്ന സഹായമാണ് ഇത്തരത്തിലുള്ള മോശമായ സാഹചര്യത്തിൽ നിന്നും പുറത്തുകടക്കാൻ എനിക്ക് സഹായകരമായത്.
ഡൽഹി ഹാബിറ്റാറ്റ് സെന്‍ററിൽ ഡൽഹി വനിത കമ്മിഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് സ്വാതി മലിവാൾ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്. 'എന്‍റെ പിതാവ് എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ടായിരുന്നു. അച്ഛൻ വീട്ടിൽ വരുന്ന സമയത്തെല്ലാം എനിക്ക് ഭയമായിരുന്നു. പേടിച്ചു വിറച്ചുകൊണ്ട് പുതപ്പിനടിയിൽ എത്രയോ രാത്രികൾ കഴിച്ചുകൂട്ടിയത് ഞാനിപ്പോഴും ഓർക്കുന്നു. ആ സമയത്തെല്ലാം അത്തരം ആളുകളെ ഒരു പാഠം പഠിപ്പിക്കാൻ എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു' - മലിവാൾ പറഞ്ഞു.
'എന്‍റെ ജീവിതത്തിലെ ആ കറുത്ത ദിവസങ്ങൾ എനിക്ക് ഒരിക്കലും മറക്കാനാകില്ല. വീട്ടിൽ വരുന്ന അച്ഛൻ എന്നോട് ദേഷ്യപ്പെടുകയും യാതൊരു കാരണങ്ങളും ഇല്ലാതെ എന്നെ തല്ലുകയും ചെയ്യുമായിരുന്നു. എന്‍റെ മുടിയിൽ പിടിച്ച് ഭിത്തിയിൽ ഇടിച്ചു. ഭിത്തിയിൽ തലയിടിച്ച് ചോര വാർന്നൊഴുകി. ഈ കൊടിയ പീഡനത്തിനിടയിലും ഇത്തരക്കാർക്കെതിരെ എങ്ങനെ പ്രതികരിക്കാം എന്നത് മാത്രമായിരുന്നു എന്‍റെ ചിന്ത. എന്‍റെ അമ്മയും അമ്മായിയും അമ്മാവനും എല്ലാറ്റിനുമുപരിയായി എന്‍റെ മുത്തശ്ശിയും ഇല്ലായിരുന്നുവെങ്കിൽ, ഈ ബാല്യകാല ആഘാതത്തിൽ നിന്ന് കരകയറാനും ഞാൻ നേടിയ നേട്ടങ്ങൾ കൈവരിക്കാനും എനിക്ക് കഴിയുമായിരുന്നില്ലെന്ന് ഞാൻ കരുതുന്നു' - അവർ കൂട്ടിച്ചേർത്തു.
ഒരാൾ പീഡിപ്പിക്കപ്പെടുമ്പോൾ ആ വ്യക്തിയിൽ ഒരു തീ ആളിക്കത്തുമെന്ന് താൻ വിശ്വസിക്കുന്നതായി സ്വാതി മാലിവാൾ പറഞ്ഞു. അങ്ങനെ സ്വയം കരുത്താർജിക്കുമെന്നും ആ ആർജവത്തെ ശരിയായ രീതിയിൽ വഴിതിരിച്ചു വിട്ടാൽ ആ വ്യക്‌തിക്ക് ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. നമുക്കിടയിലെ എല്ലാ പ്രബലരായ അവാർഡ് ജേതാക്കളുടെയും വിജയങ്ങൾക്ക് പിന്നിൽ ശക്‌തമായ പോരാട്ടങ്ങളുടെ കഥകളുണ്ട്. അവർ നേരിട്ട സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്നും വെല്ലുവിളികളെ ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്താർജിക്കുകയും ചെയ്‌തു. അവരുടെ ജീവിതത്തിൽ വിജയം കൈവരിക്കാനും മികച്ച സാഹചര്യത്തിലേക്ക് എത്താനും അവർക്കായി.
ഡി സി ഡബ്ല്യുവിന് വേണ്ടി അവാർഡുകൾ ഏറ്റുവാങ്ങിയ എല്ലാ സ്‌ത്രീകളെയും അഭിസംബോധന ചെയ്‌ത സ്വാതി മലിവാൾ, തങ്ങൾക്കെതിരായ അതിക്രമങ്ങളും ഏതെങ്കിലും തരത്തിലുള്ള ചൂഷണവും വച്ചുപൊറുപ്പിക്കരുതെന്ന് പറഞ്ഞു. ഏതൊരു വ്യക്തിയും ചൂഷണം ചെയ്യപ്പെട്ടാൽ, അത് നിങ്ങളുടെ വീട്ടിലോ പുറത്തോ ആകട്ടെ, നിങ്ങൾ അതിനെതിരെ ശബ്‌ദമുയർത്തണം', സ്വാതി മലിവാൾ പറഞ്ഞു.