ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് തന്‍റെ അറസ്റ്റെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ തകര്‍ക്കുകയാണ് ലക്ഷ്യം. 56 ഇഞ്ച് ഭീരുത്വമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു.
പരീക്ഷ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരായി നടപടി സ്വീകരിക്കുക, 1.75 ലക്ഷം കോടിയുടെ ലഹരിവസ്‌തുക്കള്‍ മുദ്ര തുറമുഖത്ത് നിന്ന് പിടിച്ച സംഭവത്തില്‍ ഗൗതം അദാനിക്കെതിരെ കേസെടുക്കുക, ന്യൂപനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ എതിരെ എടുത്ത രാഷ്ട്രീയ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 1ന് ഗുജറാത്തില്‍ ബന്ദ് നടത്തുമെന്നും മേവാനി പറഞ്ഞു. തന്‍റെ അറസ്റ്റ് ഒരു എംഎല്‍എ എന്നുള്ള നിലയിലുള്ള അവകാശം ലംഘിച്ചുകൊണ്ടാണെന്നും മേവാനി പറഞ്ഞു. നരേന്ദ്ര മോദി ഗോഡ്‌സയെ ദൈവാമായിട്ടാണ് പരിഗണിക്കുന്നത് എന്ന മേവാനിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അസം പൊലീസ് ഏപ്രില്‍ 19ന് ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്.
ആ കേസില്‍ ജാമ്യം കിട്ടയതിന് ശേഷം ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തു എന്ന കേസില്‍ മേവാനിയെ അസം പൊലീസ് വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ ഈ കേസിലും കോടതി മേവാനിക്ക് ജാമ്യം അനുവദിച്ചു. മേവാനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തത് കള്ള എഫ്ഐആര്‍ ആണെന്ന് കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി അസം പൊലീസിന് നിര്‍ദേശവും നല്‍കി.
ഗുജറാത്തില്‍ സാമൂഹ്യ ഐക്യവും സമാധാനവും പുലരാന്‍ പ്രധാനമന്ത്രി ആഹ്വാനം നല്‍കണമെന്നാണ് താന്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടെതെന്ന് ജിഗ്‌നേഷ് പറഞ്ഞു. ഗോഡ്‌സെ ഭക്തന്‍മാര്‍ അല്ലെങ്കില്‍, ഗോഡ്‌സെ തുലയട്ടെ എന്ന മുദ്രാവാക്യം ചെങ്കോട്ടയില്‍ നിന്ന് വിളിക്കാന്‍ പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളെ ജിഗ്നേഷ് വെല്ലുവിളിച്ചു. തന്‍റെ കമ്പ്യൂട്ടറില്‍ വ്യാജ തെളിവുകള്‍ കടത്തിവിട്ടുകൊണ്ട് തന്നെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നുള്ള ആശങ്കയും ഗുജറാത്തിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ ജിഗ്‌നേഷ് മേവാനി പങ്കുവച്ചു.
ഒരു ട്വീറ്റിന്‍റെ പേരില്‍ ഒരു തീവ്രവാദിയെപ്പോലെ തന്നെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമെന്തായിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വനിത പൊലീസ് ഉദ്യോഗസ്ഥ തനിക്കെതിരെ പരാതി കൊടുത്തത്. എന്നാല്‍ ഉദാര കാഴ്‌ചപാടോടെ താന്‍ ആ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല. തന്‍റെ അറസ്റ്റ് അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മ അറിഞ്ഞിട്ടില്ലെന്ന വാദവും മേവാനി നിഷേധിച്ചു. രാഷ്ട്രീയ യജമാനനെ പ്രീതിപെടുത്താനാണ് തനിക്കെതിരെ കേസെടുപ്പിച്ചതെന്നും മേവാനി പറഞ്ഞു.