മുസാഫർ നഗർ (ഉത്തർപ്രദേശ്): മുസാഫർ നഗർ മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് നൽകാത്ത വിഷമത്തില്‍ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് വനിത നേതാവും പാർട്ടി ജില്ല സെക്രട്ടറിയുമായ മെരാജ് ജഹാൻ. കഴിഞ്ഞ 13 വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും പാർട്ടിയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടും സീറ്റ് നൽകാതെ വഞ്ചിക്കുകയാണുണ്ടായതെന്നും മെരാജ് പറയുന്നു.
മുസാഫർ നഗറിലെ സ്ഥാനാർഥിയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാൽ സ്ഥാനാർഥി പട്ടികയിൽ തന്‍റെ പേര് ഇല്ലെന്നറിഞ്ഞ മെരാജ് മാധ്യമങ്ങൾക്ക് മുൻപിൽ തന്‍റെ നിരാശ പ്രകടിപ്പിക്കുകയായിരുന്നു. പാർട്ടി ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 40 ശതമാനം പ്രാതിനിധ്യം നൽകുമെന്ന വാഗ്‌ദാനം വ്യാജമാണെന്ന് മെരാജ് മാധ്യമങ്ങൾക്ക് മുൻപിൽ ആരോപിച്ചു.
പാർട്ടിയ്‌ക്കെതിരെയും പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങൾ മെരാജ് ജഹാൻ ഉന്നയിച്ചു. ഞാൻ പെൺകുട്ടിയാണ്, എനിക്ക് പോരാടാൻ കഴിയും എന്ന മുദ്രാവാക്യത്തിന് വിരുദ്ധമായി സ്ത്രീകളെ നിരുത്സാഹപ്പെടുത്താനാണ് പ്രിയങ്ക ഗാന്ധി പ്രവർത്തിക്കുന്നതെന്നും മെരാജ് ആരോപിച്ചു.
Also Read: മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: 2 പേർ അറസ്റ്റിൽ