ഉത്തർപ്രദേശ് : ബറേലി ജില്ലയിൽ ക്ഷേത്ര നടയിൽ നമസ്‌കരിച്ച യുവതിയും മകളും പൊലീസ് പിടിയിലായി (Muslim Women Offer Namaz In Temple). ഇവരെ നമസ്‌കരിക്കാൻ പ്രേരിപ്പിച്ച മുസ്‌ലിം യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ശനിയാഴ്‌ച (16-09-2023) ഭൂട്ട പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കേസർപൂർ ഗ്രമത്തിലെ ശിവ ക്ഷേത്രത്തിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത് (woman and daughter offer namaz in temple UP).
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : ശിവക്ഷേത്ര നടയിൽ നമസ്‌കരിച്ചു വന്നാൽ ഭാഗ്യവും ആരോഗ്യവും കൈവരുമെന്ന് യുവതിയെയും മകളെയും മസാറിൽ താമസിക്കുന്ന ചമൻ ഷാ എന്ന യുവാവ് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിന്‍റെ മരണശേഷം സെയ്‌ദപൂർ ഗ്രാമത്തിലെ ഒരു ദര്‍ഗ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. യുവതിയുടെ കുടുംബം കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്നതായി അറിയിച്ചപ്പോള്‍ ഇതിനു പരിഹാരമായി ചമൻ ഷാ യുവതിയോടും മകളോടും ശിവക്ഷേത്രത്തിൽ ചെന്നു നമസ്‌കാരം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
യുവതിയും മകളും ക്ഷേത്രത്തിൽ നമസ്‌കരിക്കുന്നത് കണ്ട ഗ്രാമത്തിലെ മറ്റാളുകൾ നമസ്‌കരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എക്‌സിലൂടെ (നേരത്തെ ട്വിറ്റർ) പ്രചരിപ്പിക്കുകയായിരുന്നു. ഈ വീഡിയോ കണ്ടാണ് പൊലീസ് മൂവരെയും അറസ്റ്റ് ചെയ്‌തത്. ഫരീദ്‌പൂർ സർക്കിൾ ഓഫിസർ ഗൗരവ് കുമാർ, ഗ്രാമത്തലവന്‍റെ പരാതിയിൽ ഇവര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേരെയും ചോദ്യം ചെയ്‌തതിന് ശേഷം തുടർ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.