ന്യൂഡല്‍ഹി : സഹപാഠികളെക്കൊണ്ട് അധ്യാപിക മുസ്‌ലിം ബാലന്‍റെ മുഖത്തടിച്ച സംഭവം സര്‍ക്കാരിന്‍റെ പരാജയമാണെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശിലാണ് കേസിനാസ്‌പദമായ സംഭവം (Muslim schoolboy slapping row). ഇങ്ങനെയൊരു കാര്യം നടന്ന ശേഷവും സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി കൈക്കൊണ്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരമൊരു സംഭവം എങ്ങനെ നടന്നു എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കേണ്ടിയിരുന്നു എന്നും ജസ്റ്റിസുമാരായ അഭയ് എസ് ഒക്കയും ഉജ്വല്‍ ഭുയാനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ഹര്‍ജിക്കാരനായ തുഷാര്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ ഷദാന്‍ ഫര്‍സാത്തിനോട് കോടതി നിര്‍ദേശിച്ചു. ഇരയായ വിദ്യാര്‍ഥിയ്ക്കും സഹപാഠികള്‍ക്കും കൗണ്‍സിലിങ് അടക്കം നല്‍കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ടാറ്റ ഇന്‍സ്റ്റിറ്റൂട്ട് നല്‍കിയിട്ടുള്ളത്. കേസില്‍ വേഗത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) നടപ്പാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇക്കാര്യത്തില്‍ ഉയര്‍ത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും അടുത്തമാസം ഒന്‍പതിന് പരിഗണിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഗരിമ പ്രസാദ് ഹാജരായി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം സത്യവാങ്മൂലം പര്യാപ്‌തമല്ലെന്നും റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലടക്കം കൂടുതല്‍ വിശദമായ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരയായ കുട്ടിയുടെ പിതാവുമായി ചര്‍ച്ച ചെയ്‌ത ശേഷം തന്‍റെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് എഴുതി നല്‍കണമെന്നും ഫര്‍സാത്തിനോട് കോടതി ആവശ്യപ്പെട്ടു (Tata Institute of Social Sciences).
ഇരയായ കുട്ടിക്ക് ഇപ്പോള്‍ 28 കിലോമീറ്റര്‍ യാത്ര ചെയ്‌ത് വേണം പുതിയ സ്‌കൂളിലെത്താനെന്നും ഗരിമ പറഞ്ഞു. ഇത് കുട്ടിയുടെ കുടുംബത്തിന്‍റെ തീരുമാനമാണ്. എങ്കിലും ഇത്രയും ചെറിയ കുട്ടി ഇത്രയും ദീര്‍ഘമായ യാത്ര നിത്യവും ചെയ്യേണ്ടി വരുന്നു എന്ന് ചൂണ്ടിക്കാട്ടിയെന്ന് മാത്രമാണെന്നു അവര്‍ പറഞ്ഞു. ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒന്നുമുതല്‍ അഞ്ച് വരെ വയസുള്ള കുട്ടികള്‍ക്ക് ഒരു കിലോമീറ്ററിനുള്ളില്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കണമെന്നാണ് നിയമം നിഷ്ക്കര്‍ഷിക്കുന്നത്. ആറുമുതല്‍ എട്ടുവരെ വയസുള്ള കുട്ടികള്‍ക്ക് മൂന്ന് കിലോമീറ്ററിനുള്ളിലും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണമെന്നും നിയമം നിര്‍ദേശിക്കുന്നുവെന്നും ഗരിമ ചൂണ്ടിക്കാട്ടി.
എന്നാല്‍ നല്ല സ്‌കൂളുകള്‍ ഒന്നും ഇല്ലാതിരുന്നതിനാലാണ് ഇത്തരത്തില്‍ ദൂരെയുള്ള സ്‌കൂളിലേക്ക് കുട്ടിയെ മാറ്റേണ്ടി വന്നതെന്ന് ഫര്‍സാത്ത് ഇതിന് മറുപടി നല്‍കി. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്‍റെ ആവശ്യപ്രകാരമാണ് ഇത്രയും ദൂരെയുള്ള സ്വകാര്യ സ്‌കൂളില്‍ കുട്ടിയെ ചേര്‍ത്തത്. 2023 നവംബര്‍ ആറിനാണ് കുട്ടിയെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടത്. ആദ്യം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാനും വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ അവ നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു.
ഇരയായ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയായ കുട്ടിക്കും സഹപാഠികള്‍ക്കും എങ്ങനെയാണ് കൗണ്‍സിലിങ് നല്‍കേണ്ടതെന്ന് തീരുമാനിക്കാന്‍ കോടതിയാണ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയത്.
മുസ്‌ലിം ബാലനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ അധ്യാപികക്കെതിെര മുസാഫര്‍ നഗര്‍ പൊലീസ് കേസെടുത്തിരുന്നു. ഗൃഹപാഠം ചെയ്യാത്ത വിദ്യാര്‍ഥിയെ തല്ലാന്‍ വര്‍ഗീയ പരാമര്‍ശങ്ങളോടെ അവര്‍ കുട്ടിയുടെ സഹപാഠികളോട് നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടിസ് നല്‍കിയിരുന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അടിക്കാന്‍ സഹപാഠികളോട് നിര്‍ദേശിക്കുന്ന അധ്യാപികയുടെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
Also Read: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിയമപ്രകാരം മുസ്ലീം ബാലന്‍ അറസ്റ്റില്‍