കാൺപൂർ : കൊലപാതക കേസിലെ കുറ്റം മറികടക്കാന്‍ നിയമബിരുദമെടുത്ത്, അതേ കേസില്‍ കോടതിയില്‍ വാദിച്ച അഭിഭാഷകന് ജീവപര്യന്തം. ഇയാള്‍ക്കൊപ്പം മറ്റ് ആറുപേര്‍ക്കും ജീവപര്യന്തം തടവും 11.32 ലക്ഷം രൂപ പിഴയും ലഭിച്ചു. ഉത്തര്‍പ്രദേശിലെ കാൺപൂർ ദേഹത് ജില്ല സെഷൻസ് ജഡ്‌ജി അനിൽ കുമാർ ഝായുടേതാണ് വിധി.
തുണയായി തെളിവുകളും സാക്ഷികളും: കൊലപാതകം ചെയ്‌ത ശേഷം പ്രതിയായ രാമു നിയമം ബിരുദം നേടുകയും ആറ് വർഷക്കാലം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യുകയുമുണ്ടായി. എന്നാൽ, പ്രതിയുടെ നിയമ ബിരുദ ലക്ഷ്യത്തെയും തന്ത്രങ്ങളെയും അപ്പാടെ, സാക്ഷികളും കൃത്യമായ തെളിവുകളും പരാജയപ്പെടുത്തുകയായിരുന്നു.
കാൺപൂർ സ്വദേശിയായ ബാബു ലാല്‍ എന്നയാളുടെ മകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രവീന്ദ്ര തട്ടിക്കൊണ്ടുപോയതാണ് സംഭവത്തിന്‍റെ തുടക്കം. ഇയാള്‍ക്കെതിരെ വീട്ടുകാര്‍ കേസ് നല്‍കുകയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. തുടര്‍ന്ന്, 2009 ജൂലൈ 18 ന് രാവിലെ എട്ടുമണിയോടെ രവീന്ദ്രയും മറ്റ് കൂട്ടുപ്രതികളും ബാബു ലാലിന്‍റെ വീട്ടിൽ ബലമായി കയറുകയും അദ്ദേഹത്തെയും ഭാര്യ ശാന്തി ദേവിയെയും ക്രൂരമായി മർദിക്കുകയുമുണ്ടായി.
അയല്‍ക്കാരുടെ ഇടപെടല്‍ തുണയായി: ബാബുവിന്‍റെ അയൽവാസികളായ ദേവി ചരൺ, ഗംഗാചരൺ, കാളി ചരൺ എന്നീ മൂന്ന് സഹോദരന്മാര്‍ വിഷയത്തില്‍ ഇടപെടുകയും നാട്ടുകാരെ വിളിച്ചുചേര്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന്, പ്രതികളെ വെല്ലുവിളിക്കുകയും പ്രദേശത്തുനിന്നും ഓടിക്കുകയും ബാബു ലാലിനെയും ഭാര്യയെയും രക്ഷപ്പെടുത്തുകമുണ്ടായി.
അന്നേദിവസം തന്നെ, രാവിലെ 10.40 ന് ബാബു ലാൽ, ശാന്തി ദേവി, അയല്‍ക്കാരായ ദേവി ചരൺ, ഗംഗാ ചരൺ, കാളി ചരൺ എന്നിവർ കേസ് നല്‍കാൻ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. ചൗബേപൂരിലേക്ക് പോകുന്ന വഴി രവീന്ദ്ര, ഹരി റാം, രാം ദയാൽ, ധർമേന്ദ്ര എന്ന പപ്പു, രാജീവ് എന്ന രാജു, രാമു, സലീം, ഗബ്ബാർ തുടങ്ങിയ പ്രതികള്‍ കുടുംബത്തിനെതിരെ തിരിഞ്ഞു.
കൂറുമാറി ബാബു ലാലും ഭാര്യയും: തുടര്‍ന്നുണ്ടായ കയ്യാങ്കളിയില്‍, ബാബു ലാലിനെയും ശാന്തി ദേവിയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗംഗാ ചരണിന് വെടിയേറ്റു. മരിച്ചയാളുടെ സഹോദരൻ ദേവി ചരൺ ഏഴ് പ്രതികൾക്കെതിരെ പരാതി നൽകി.
വിചാരണയ്ക്കിടെ, ബാബു ലാലും ശാന്തിയും രണ്ട് പ്രധാന സാക്ഷികളും കൂറുമാറി. എങ്കിലും മറ്റ് സാക്ഷികളുടെ തെളിവുകളുടെയും ശരിയായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുകയായിരുന്നു.