ഹൈദരാബാദ്: തെലങ്കാനയിലെ മുനുഗോഡ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ടിആര്‍എസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥി കോമതി റെഡ്ഡി രാജ്‌ഗോപാല്‍ റെഡ്ഡി. തന്നെ പരാജയപ്പെടുത്താന്‍ മുഴുവൻ മന്ത്രിമാരെയും ഇറക്കി വോട്ടർമാരെ പണം നല്‍കി പ്രലോഭിപ്പിച്ചു. ഇത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോടിക്കണക്കിന് രൂപയാണ് ടിആര്‍എസ് പാര്‍ട്ടി ഇറക്കിയതെന്നും ഞായറാഴ്‌ച വൈകിട്ട് തെരഞ്ഞെടുപ്പ് വിധി പുറത്തുവന്നതോടെ കോമതി റെഡ്ഡി ആരോപിച്ചു.
സംസ്ഥാനത്തെ ഔദ്യോഗിക സംവിധാനങ്ങളടക്കം ടിആർഎസിനെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ ടിആർഎസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയല്ലാതെ ജനങ്ങൾക്ക് മറ്റൊരു വഴിയുമില്ലാതെയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ടിആർഎസ് വിജയം ബിജെപി നേതൃത്വത്തിന്‍റെ മുഖത്തേറ്റ അടിയെന്ന് ടിആർഎസ് വർക്കിങ് പ്രസിഡന്‍റും സംസ്ഥാന വ്യവസായ മന്ത്രിയുമായ കെടി രാമറാവു പറഞ്ഞു. മുനുഗോഡ് നിയോജക മണ്ഡലത്തിലെ ജനങ്ങൾ പാർട്ടിയിൽ വിശ്വാസം അർപ്പിച്ചതിനും രണ്ട് ഇടതുപാർട്ടികൾ നൽകിയ പിന്തുണക്കും വിജയം ഉറപ്പാക്കാൻ പാർട്ടി അണികൾ നടത്തിയ കഠിനാധ്വാനത്തിനും നന്ദി.
ആളുകളെ വിലക്കെടുക്കാമെന്ന് വിശ്വസിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ധാർഷ്‌ട്യത്തെ മുനുഗോഡിലെ ജനങ്ങൾ ഒരു പാഠം പഠിപ്പിച്ചു. ബിജെപി സ്ഥാനാർഥി കോമതിറെഡ്ഡി രാജ്ഗോപാൽ റെഡ്ഡി ഉപതെരഞ്ഞെടുപ്പ് സ്‌ക്രീനില്‍ വെറും പാവ മാത്രമായിരുന്നു. അതും മോദി-ഷാ നിയന്ത്രിക്കുന്ന പാവയെന്നും അദ്ദേഹം പറഞ്ഞു.
ടിആര്‍എസിന്‍റേത് അട്ടിമറി വിജയം: ബിജെപിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സംസ്ഥാനം ഭരിക്കുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ പാര്‍ട്ടി മുനുഗോഡില്‍ വിജയക്കൊടി പാറിച്ചത്. 10,113 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടിആര്‍എസിന്‍റെ കുസുകുന്തള പ്രഭാകർ റെഡ്ഡി, സിറ്റിങ് എംഎല്‍എയും കോണ്‍ഗ്രസ് വിട്ട് ബിജെപി സ്ഥാനാര്‍ഥിയായ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡിയെ തോല്‍പ്പിച്ചത്.
15 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴാണ് ടിആര്‍എസിന്‍റെ അട്ടിമറി വിജയം സ്ഥിരീകരിച്ചത്. ലഭ്യമാവുന്ന അന്തിമ കണക്ക് പ്രകാരം ടിആർഎസ് 96,598 വോട്ടാണ് നേടിയത്. ബിജെപി (86,485), കോൺഗ്രസ് (23,864) എന്നിങ്ങനെയാണ് നില. 2,25,192 വോട്ടാണ് ആകെ ബാലറ്റുപെട്ടിയില്‍ വീണത്. 47 സ്ഥാനാർഥികള്‍ മത്സരിച്ച ഈ ഉപതെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് (NOTA) 482 വോട്ടാണ് ലഭിച്ചത്.