ഹൈദരാബാദ്: ബിജെപിക്കാരുടെ കടുത്ത പ്രതിഷേധത്തിനിടെയിലും ഹൈദരാബാദില്‍ പരിപാടി അവതരിപ്പിച്ച് സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖി. ഫാറൂഖിയുടെ ഷോയിൽ പ്രശ്‌നമുണ്ടാക്കാൻ എത്തിയതെന്ന് കരുതുന്ന 50 ഓളം പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ശനിയാഴ്‌ച (20.08.2022) വൈകിട്ടാണ് സംഭവം.
ഷോ റദ്ദാക്കണമെന്ന് ബി.ജെ.പി എം.എൽ.എ ടി.രാജ സിംഗ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ മാധാപൂരിലെ വേദിയിൽ പൊലീസ് കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കി. ശേഷം ഒന്നര മണിക്കൂർ നീണ്ട പരിപാടി സമാധാനപരമായി നടന്നതായി പൊലീസ് പറഞ്ഞു.
വേദിയിലെത്താൻ ശ്രമിച്ചതിനെ തുടർന്ന് വെള്ളിയാഴ്‌ച(19.08.2022) ഗോഷാമഹൽ എംഎൽഎ സിങ്ങിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഫാറൂഖി തന്‍റെ ഷോകളിൽ മുൻപ് ഹിന്ദു ദൈവങ്ങളെ അപമാനിച്ചിട്ടുള്ളതായി ബി.ജെ.പി നിയമസഭാംഗം ആരോപിച്ചു. തെലങ്കാന രാഷ്‌ട്ര സമിതി വർക്കിങ് പ്രസിഡന്‍റും മന്ത്രിയുമായ കെ ടി രാമറാവു ഫാറൂഖിയെ ക്ഷണിച്ചതിനെതിരെ എംഎൽഎ സംസാരിച്ചു.
എല്ലാ സംസ്‌കാരങ്ങളെയും വിമർശനങ്ങളേയും സ്വാഗതം ചെയ്യുന്ന ഒരു യഥാർഥ കോസ്‌മോപൊളിറ്റൻ നഗരമാണ് ഹൈദരാബാദെന്നും, ഫാറൂഖിയെ പോലുള്ളവരുടെ ഷോകൾ റദ്ദാക്കപ്പെടില്ലെന്നും പറഞ്ഞ് തെലങ്കാന മന്ത്രി രാമറാവു കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടത് പരാമർശിച്ചായിരുന്നു സംസാരം. ഇതിന് പകരം കഴിവുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
ഇതിന് മുൻപും മുനവർ ഫാറൂഖിയുടെ ഷോകൾ റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളതാണ്.