മുംബൈ : സഹോദരനുമൊത്ത് നായയ്‌ക്ക് ഭക്ഷണം നല്‍കിക്കൊണ്ടിരുന്ന 22കാരിക്ക് നേരെ ആക്രമണം. മുംബൈയിലെ (Mumbai) ചാര്‍ണി റോഡിലാണ് (Charni Road) സംഭവം. കത്തിയും ബ്ലേഡുകളുമായെത്തിയ മൂന്നംഗ സംഘമാണ് യുവതിയെ ആക്രമിച്ചത്. കൈയ്‌ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സിമ്രാന്‍ എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളെ പൊലീസ് തിരിച്ചറഞ്ഞിട്ടുണ്ട്. യുവതിയുടെ അയല്‍വാസികളായ രാജ്‌കുമാർ മിശ്ര, റിതിക് മിശ്ര, രാജേഷ് മിശ്ര എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.
സിമ്രാനും തന്‍റെ പതിനാലുകാരനായ സഹോദരനും ചേര്‍ന്ന് ചാര്‍ണി സിക്ക നഗര്‍ മേഖലയില്‍ പതിവായി നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. എന്നാല്‍, ഇതിനോട് യോജിപ്പ് പ്രകടിപ്പിക്കാതിരുന്ന പ്രതികള്‍ ഇവരെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൂടാതെ, ഈ സംഘം സിമ്രാനെയും സഹോദരനേയും നേരത്തേ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ വ്യക്തമാക്കി.
ഈ സംഭവം നടക്കുന്നതിന് 14 ദിവസം മുന്‍പ് അക്രമികള്‍ സിമ്രാന്‍റെ സഹോദരനെയും ഉപദ്രവിച്ചിരുന്നുവെന്നാണ് വിവരം. ഈ സംഭവം ചൂണ്ടിക്കാട്ടി ഇവര്‍ വിപി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.
അതേസമയം, ബ്ലേഡും കത്തികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മുറിവുകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് 46 തുന്നലുകള്‍ വേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തില്‍ 22കാരിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.
അതിക്രമിച്ച് കയറി ബലാത്സംഗശ്രമം, വീട്ടമ്മ അക്രമിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗത്തിന് ശ്രമിച്ച അക്രമിയെ വീട്ടമ്മ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ജൂണ്‍ 19നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി രാജേന്ദ്രനഗർ മണ്ഡലിലെ ബുദ്‌വേല്‍ സ്വദേശിനിയുടെ വീട്ടില്‍ അര്‍ധ രാത്രിയിലെത്തി വാതിലില്‍ മുട്ടുകയായിരുന്നു.
വീട്ടമ്മ വാതില്‍ തുറന്നതോടെ ഇയാള്‍ ഇവരുടെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു. ഈ സമയം, അക്രമിയെ തള്ളിമാറ്റി വീട്ടമ്മ വീടിന് പുറത്തേക്ക് ഇറങ്ങി. എന്നാല്‍, ഇവര്‍ക്ക് പിന്നാലെ തന്നെ അക്രമിയും ചെല്ലുകയായിരുന്നു.
ഈ സമയത്താണ് വീട്ടമ്മ, സ്വയരക്ഷയ്‌ക്കായി സമീപത്ത് കിടന്നിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമിയുടെ തലയ്‌ക്കടിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ അക്രമി മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍, സ്ഥലത്ത് ഇല്ലാതിരുന്ന ഭര്‍ത്താവിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് രാജേന്ദ്രനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയുമായിരുന്നു.
അതേസമയം, ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നാലെ പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.