മുംബൈ : വിലക്കയറ്റം രാജ്യത്തെ ഓരോ വീടുകളുടെയും ബജറ്റിന്‍റെ താളം തെറ്റിച്ചിരിക്കുകയാണ്. പെട്രോൾ, ഡീസൽ, പ്രകൃതി വാതകം തുടങ്ങി, ഭക്ഷ്യ എണ്ണ ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് വീടുകളിൽ മാത്രമല്ല, ഹോട്ടലുകളെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഇതിന്‍റെ തെളിവാണ് മുംബൈക്കാരുടെ ഇടയിൽ ഏറ്റവും കൂടുതൽ പ്രശസ്‌തമായ വടാപാവിന്‍റെ വിലവർധനവ്.
നേരത്തെ 10 മുതല്‍ 15 രൂപ വരെയായിരുന്നു ഒരു വാടാപാവിന്‍റെ വില. ഇപ്പോഴത് 17 മുതല്‍ 35 വരെയായി. വർഷത്തിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നതിന്‍റെ തെളിവാണ് മുംബൈയിലെ സാധാരണക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത, മുംബൈയിലെ ഏറ്റവും വിലകുറഞ്ഞ ഭക്ഷണമായ വടാപാവിനുണ്ടായ വിലവർധനവ് സൂചിപ്പിക്കുന്നത്. യുക്രൈൻ-റഷ്യ യുദ്ധം ലോകത്തിന്‍റെ നാനാഭാഗത്തും പണപ്പെരുപ്പവും തുടർന്ന് വിലക്കയറ്റവും ഉണ്ടായിരിക്കുകയാണ്. ഇന്ത്യയിലും സമാന സ്ഥിതിയാണ്.
രണ്ട് മുതൽ അഞ്ച് രൂപ വരെയാണ് വടാപാവിന്‍റെ വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യ എണ്ണയുടെയും മുളകിന്‍റേതുമുൾപ്പെടെയുള്ള അവശ്യ വസ്‌തുക്കളുടെ വിലയിലുണ്ടായ വർധനവാണ് മുംബൈയിലെ എല്ലാ തെരുവുകളിലും വൻതോതിൽ വിറ്റഴിക്കപ്പെടുന്ന വടാപാവിന്‍റെ വിലകൂട്ടാൻ കച്ചവടക്കാരെ നിർബന്ധിതരാക്കിയത്.
വിലവർധിപ്പിക്കാതെ മറ്റ് മാർഗങ്ങളൊന്നും തങ്ങളുടെ മുൻപിലില്ലെന്ന് ദാദറിലെ അറിയപ്പെടുന്ന വടാപാവ് വിൽപനക്കാരനായ മനോജ് സഹാനി പറയുന്നു. ഒരു സിലിണ്ടറിന് 2400 രൂപയാണ് വില. റിഫൈൻഡ് ഓയിലിന് ഏകദേശം 1500 രൂപ കൂടി 2400 രൂപയായി. മുളക് കിലോയ്ക്ക് 100 രൂപയ്ക്കാണ് വിൽക്കുന്നത്. നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു.