പൂനെ : മുംബൈ - പൂനെ എക്‌സ്‌പ്രസ്‌വേയിൽ ഓയില്‍ ടാങ്കർ അപകടത്തിൽപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വന്‍ അഗ്‌നിബാധയില്‍ നാല് മരണം. ലോണാവലായ്ക്ക് സമീപം ഓവർ ബ്രിഡ്‌ജിലാണ് അപകടം. സംഭവത്തില്‍ 12കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അഗ്‌നിബാധയെ തുടര്‍ന്ന്, പാലത്തിനടിയിലൂടെ സഞ്ചരിച്ച വാഹനങ്ങളിലെ നാലുപേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം സജീവമായി നടക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. എക്‌സ്പ്രസ്‌വേയിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാലാണ് നടപടി. ടാങ്കറിലുണ്ടായിരുന്ന ഒരാളും സമീപത്തെ മറ്റ് വാഹനങ്ങളിലുണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്.
READ MORE | മഹാരാഷ്‌ട്രയിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് 10 മരണം; നിരവധി പേർക്ക് പരിക്ക്
അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫഡ്‌നാവിസ് : സംഭവത്തെക്കുറിച്ച് ലോണാവലാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സ്ഥിരീകരണം നടത്തിയത്. ലോണാവലായ്ക്കും ഖണ്ടാലയ്ക്കും ഇടയിലുള്ള എക്‌സ്പ്രസ് വേയിലാണ് അപകടം. സംഭവത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവം ദൗർഭാഗ്യകരമാണ്. അപകടത്തിൽ പരിക്കേറ്റവര്‍ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ നന്മയ്ക്കായി ഞാൻ പ്രാർഥിക്കുന്നുവെന്നും ഫഡ്‌നാവിസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ALSO READ | നിയന്ത്രണം നഷ്‌ടപ്പെട്ട ട്രക്ക് ഇടിച്ച് 47 കാറുകള്‍ തകര്‍ന്നു; പത്തിലധികം പേര്‍ക്ക് പരിക്ക്
അപകടത്തെത്തുടർന്ന് ടാങ്കറിന് തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. അഗ്നിഗോളമായി ടാങ്കര്‍ പൊട്ടിത്തെറിച്ചതോടെ എക്‌സ്‌പ്രസ്‌വേ പാലത്തിന് താഴെയുള്ള റോഡിലൂടെ സഞ്ചരിച്ച വാഹനയാത്രക്കാരുടെ മേൽ പതിച്ചു. തുടര്‍ന്നുണ്ടായ ഈ സംഭവത്തിലാണ് നാല് യാത്രക്കാർക്ക് പരിക്കേറ്റത്. പൊലീസ്, ഐഎൻഎസ് ശിവാജിയിലെ ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന എന്നിവരും സ്ഥലത്തുണ്ടെന്നും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈവേയുടെ ഒരു വശത്തുനിന്നുള്ള ഗതാഗതം പുനരാരംഭിച്ചു. മറ്റൊരു ഭാഗം ഉടൻ തുറക്കും.
2022ലും ഇതേ എക്‌സ്‌പ്രസ്‌വേയിൽ അപകടം: 2022 ജനുവരി 30നാണ് മുംബൈ - പൂനെ എക്‌സ്‌പ്രസ്‌വേയിൽ സമാനമായ അപകടമുണ്ടായത്. കാറാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരാണ് ഈ അപകടത്തില്‍ ദാരുണാന്ത്യത്തിന് ഇരയായത്. അപകട സ്ഥലത്തുവച്ച് തന്നെ അഞ്ചുപേരുടേയും മരണം സ്ഥിരീകരിച്ചിരുന്നു. ഹരിയാന സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്.
ALSO READ | പൂനെ-മുംബൈ എക്‌സ്‌പ്രസ്‌വെയിൽ അപകടം; അഞ്ച് മരണം
ജനുവരിയെ കണ്ണീരിലാഴ്‌ത്തി നാസിക് അപകടം: മഹാരാഷ്‌ട്രയിലെ നാസിക് ഹൈവേയിൽ പഠാരെയ്‌ക്കടുത്ത് സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് 10 മരണം സംഭവിച്ചിരുന്നു. ജനുവരി 10നാണ് ഈ അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. മുംബൈയിൽ നിന്ന് ഷിർദിയിലേക്ക് വരികയായിരുന്ന എംഎച്ച് 04 എസ്‌കെ 2751 നമ്പർ സ്വകാര്യ കംഫർട്ട് ബസും ഷിർദിബാജുവിൽ നിന്ന് സിന്നാർ ബാജുവിലേക്ക് പോവുകയായിരുന്ന എംഎച്ച് 48 ടി 1295 എന്ന ചരക്ക് ട്രക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 50 യാത്രക്കാരുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേർക്കും ഗുരുതരമായി പരിക്കേറ്റു.