മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്‌തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തിയ സംഭവത്തിലും വ്യവസായി മൻസുഖ് ഹിരൺ വധക്കേസിലുമായി അറസ്റ്റുചെയ്‌ത പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ പിരിച്ചുവിടാനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചു. ഇയാളെ താൽകാലികമായി സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. മാർച്ച് 13 നാണ് അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്‌ടർ വാസെയെ എൻഐഎ അറസ്റ്റ് ചെയ്തത്.
കൂടുതൽ വായനയ്‌ക്ക്: എസ്.യു.വി കേസ്; സച്ചിൻ വാസെ അറസ്‌റ്റിൽ
അടുത്തിടെ സിറ്റി പൊലീസിന്‍റെ പ്രത്യേക ബ്രാഞ്ച് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിനോട് (എടിഎസ്) കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഹിരണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിന്‍റെ പകർപ്പും അദ്ദേഹത്തിന്‍റെ ഭാര്യയുടെ മൊഴിയും കൊലപാതകത്തിൽ വാസെയുടെ പങ്കിനെ കുറിച്ചുള്ള സംശയം ജനിപ്പിച്ചതായി പൊലീസ് പറഞ്ഞു. എടിഎസ് പൊലീസിന് രേഖകൾ നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരം വാസെയെ സേവനത്തിൽ നിന്ന് പിരിച്ചുവിടാൻ പ്രത്യേക അന്വേഷണ സംഘം നടപടികൾ ആരംഭിച്ചിരക്കുന്നത്.
കൂടുതൽ വായനയ്‌ക്ക്: എസ്.യു.വി കേസ്; സച്ചിൻ വാസെയെ സസ്പെന്‍ഡ് ചെയ്തു
അന്വേഷണത്തിന്‍റെ ഭാഗമായി വാസെയുടെ സഹായിയായ മുൻ ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് ഓഫീസർ റിയാസ് ഖാസിയെ എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു. തിങ്കളാഴ്‌ചയാണ് ഖാസിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ഫെബ്രുവരി 25നാണ് തെക്കൻ മുംബൈയിലെ അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്‌തുക്കളുള്ള എസ്‌യുവി കണ്ടെത്തിയത്. തുടർന്ന് എസ്‌യുവി ഉടമയായ ഹിരണെ മാർച്ച് 5ന് താനെ ജില്ലയിലെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൂടുതൽ വായനയ്‌ക്ക്: സച്ചിൻ വാസെയുടെ സഹായി റിയാസ് ഖാസി ഏപ്രിൽ 16 വരെ എൻഐഎ കസ്റ്റഡിയിൽ