മുംബൈ: പ്രമുഖ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കെതിരായ അശ്ലീല വീഡിയോ നിർമാണ കേസിൽ മുംബൈ സൈബർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വേണ്ടി രാജ് കുന്ദ്ര പോൺ സിനിമകൾ നിർമിച്ചിരുന്നതായി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നിയമനടപടികൾ പാലിച്ച് കുറ്റപത്രത്തിന്‍റെ പകർപ്പ് ശേഖരിക്കാൻ തങ്ങൾ കോടതിയിൽ ഹാജരാകുമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ അറിയിച്ചു.
അശ്ലീല വീഡിയോ നിർമിച്ച കേസിൽ രാജ് കുന്ദ്രയെ മുംബൈ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. മുംബൈയിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലായി അശ്ലീല വീഡിയോകൾ ചിത്രീകരിച്ച ശേഷം സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സംപ്രേക്ഷണം ചെയ്‌തതായി കുറ്റപത്രത്തിൽ പറയുന്നു.
രാജ് കുന്ദ്രയോടൊപ്പം മോഡലുകളായ ഷെർലിൻ ചോപ്ര, പൂനം പാണ്ഡെ, ചലച്ചിത്ര നിർമാതാവ് മീത ജുൻജുൻവാല എന്നിവരും ഒരു കാമറാമാനും ചേർന്നാണ് അശ്ലീല വീഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് 450 പേജുള്ള കുറ്റപത്രം മുംബൈ പൊലീസ് സമർപ്പിച്ചത്.