മുംബൈ: സെക്‌സ് ടൂറിസം റാക്കറ്റിലെ കണ്ണികളെ മുംബൈ പൊലീസ് പിടികൂടി. സംഘത്തിലെ രണ്ടുപേരെയാണ് മുംബൈ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഇവരില്‍ നിന്നും രണ്ട് ഇരകളെ രക്ഷപെടുത്തിയതായും പൊലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികള്‍ക്കായി വലവിരിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ അനാശ്വാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഉപഭോക്താവ് എന്ന നിലയില്‍ പൊലീസ് പ്രതികളെ ബന്ധപ്പെടുകയായിരുന്നു. ഇതോടെ രണ്ട് സ്ത്രീകളുമായി ഗോവിയിലേക്ക് യാത്ര പദ്ധതികള്‍ പ്രതികള്‍ ഒരുക്കി നല്‍കി. തുടര്‍ന്ന് പൊലീസ് വിമാനത്താവളത്തില്‍ പ്രതികളെ കുരുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.
വിമാനത്താവളത്തില്‍ എത്തിയ പ്രതികള്‍ വേഷം മാറി വന്ന പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിച്ചു. യാത്രക്കുള്ള ടിക്കറ്റും പൊലീസ് ഇവര്‍ക്ക് കൈമാറി. ഇതോടെ സംഘം മറ്റൊരു സംഘത്തിന് സന്ദേശം കൈമാറി.
തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ എത്തുകയായിരുന്നു. മുഖ്യ പ്രതിയും രണ്ട് ഇരകളുമാണ് എത്തിയത്. ഇവരെ ചോദ്യം ചെയ്ത പൊലീസ് മറ്റൊരു പ്രതി വിമാനത്താവളത്തില്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കി.
ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐഎസ്എഫിന്‍റെ സഹായത്തോടെയാണ് പ്രധാന പ്രതിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളെ ജയിലിലേക്കും ഇരകളെ സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റുമെന്ന് പൊലീസ് അറിയിച്ചു.