മുംബൈ: സബർബനിലെ സർക്കാർ ആശുപത്രിയിലെ രോഗിയെ എലി കടിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഇരുപത്തിനാലുകാരൻ പീന്നിട് മരിച്ചു. മരണ കാരണം എലി കടിച്ചതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
യുവാവിന്‍റെ കണ്ണിന്‍റെ ഭാഗത്ത് എലി കടിച്ചുവെന്നും ഇത് കണ്ണിനെ ബാധിച്ചെന്നും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. എന്നാല്‍ കടിയേറ്റ വിവരം അറിഞ്ഞ ഉടനെ അതിനുള്ള മരുന്ന് നൽകിയെന്നാണ് ആശുപത്രി അധികൃതർ വാദിക്കുന്നത്. എലിയുടെ വിഷബാധ കണ്ണിനെ ബാധിച്ചിട്ടില്ലെന്നും മരണ കാരണം എലി കടിച്ചതല്ലെന്നുമാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.
മരണം വിവാദമായതോടെ മുംബൈ മേയർ കിഷോരി പഡ്നേക്കർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരം സംഭവങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും എലി ശല്യം തടയാൻ പ്രതിരോധ മാർഗം സ്വീകരിച്ചെന്നും ആശുപത്രി ഡീൻ ഡോ. വിദ്യ താക്കൂർ വ്യക്തമാക്കി.
Also Read: മൃതദേഹം എലി കരണ്ടു; പട്ടാമ്പി സേവന ആശുപത്രിക്കെതിരെ പരാതി
വൃത്തിഹീനമായ ആശുപത്രി പരിസരമാണ് ഇത്തരം സംഭവങ്ങൾക്ക് ഇടയാക്കുന്നതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി ആരോപിച്ചു.