മുംബൈ: വിചാരണ തടവുകാരെ നഗ്‌നരാക്കി തെരച്ചില്‍ നടത്തുന്നത് സ്വകാര്യതയ്‌ക്ക് മേലുള്ള കടന്നുകയറ്റവും മൗലികാവകാശ ലംഘനവുമാണെന്ന് നിരീക്ഷിച്ച് കോടതി. 1993ലെ സ്‌ഫോടനക്കേസിലെ പ്രതി അഹമ്മദ് കമാൽ ഷെയ്‌ഖിന്‍റെ പരാതിയിലാണ് മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‌ഡ് ക്രൈം ആക്‌ട് (എംസിഒസിഎ) സ്‌പെഷ്യല്‍ ജഡ്‌ജി ബിഡി ഷെൽക്കെയുടെ ഉത്തരവ്. ഏപ്രില്‍ 10ലെ ഉത്തരവില്‍ തുണിയുരിഞ്ഞുള്ള പരിശോധനയ്‌ക്ക് പകരം സ്‌കാനറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കാനും മുംബൈ ജയില്‍ അധികാരികളോട് കോടതി നിര്‍ദേശിച്ചു.
പരിശോധന കൂടാതെ അപമാനവും: കോടതി നടപടികൾക്ക് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകുമ്പോഴെല്ലാം പ്രവേശന കവാടത്തിലെ കാവല്‍ക്കാര്‍ തന്നെ മറ്റ് തടവുകാർക്കും സ്റ്റാഫ് അംഗങ്ങൾക്കും മുന്നിൽ നഗ്‌നനാക്കി പരിശോധിക്കാറുണ്ടെന്ന് അഹമ്മദ് കമാൽ ഷെയ്‌ഖ് പരാതിയില്‍ ആരോപിച്ചിരുന്നു. ഇത് അത്യന്തം അപമാനകരവും സ്വകാര്യതയ്‌ക്ക് മേലുള്ള അവകാശ ലംഘനമാണെന്നും കമാല്‍ ഷെയ്‌ഖ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല തുണിനീക്കം ചെയ്‌തുള്ള പരിശോധനയെ എതിര്‍ത്താല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അസഭ്യവും പാർലമെന്‍ററി വിരുദ്ധവുമായ പദങ്ങളും ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നറിയിച്ച മുംബൈ ജയില്‍ അധികൃതര്‍, കോടതിയില്‍ ഈ ആരോപണം നിഷേധിച്ചു. അധികാരികളിൽ സമ്മർദം ചെലുത്തുക എന്ന ഉദ്ദേശത്തോടെയാണ് അഹമ്മദ് കമാൽ ഷെയ്‌ഖിന്‍റെ ഹര്‍ജിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Also read: ഇടിവി ഭാരത് ഇംപാക്ട്: ജയിലുകളിലെ മനുഷ്യാവകാശ ലംഘനത്തില്‍ റിപ്പോർട്ട് നല്‍കാൻ നിർദ്ദേശം
പരിശോധനയില്‍ കോടതി നിര്‍ദേശം: മുമ്പ് ഹാജരാക്കിയ വിചാരണ തടവുകാരില്‍ ചിലരും സുരക്ഷ ഉദ്യോഗസ്ഥര്‍ നഗ്‌നരാക്കി പരിശോധന നടത്താറുണ്ടെന്ന് പരാതി നല്‍കിയിട്ടുണ്ടെന്നും, അതിനാല്‍ പരാതിക്കാരന്‍റെ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി അറിയിച്ചു. വിചാരണ തടവുകാരെ നഗ്നരാക്കി പരിശോധന നടത്തുന്നത് അവരുടെ സ്വകാര്യതയ്‌ക്കുള്ള മൗലികാവകാശത്തിന്‍റെ ലംഘനമാണ്. മാത്രമല്ല അത് അപമാനകരവുമാണ്.
വിചാരണ തടവുകാര്‍ക്കെതിരെ മോശം പദങ്ങളും മറ്റും ഉപയോഗിക്കുന്നതും അപമാനകരം തന്നെയാണെന്ന് കോടതി അറിയിച്ചു. വിചാരണ തടവുകാരെ പരിശോധിക്കാന്‍ സ്‌കാനറുകളോ ഗാഡ്‌ജറ്റുകളോ മാത്രമേ ഉപയോഗിക്കാവു എന്ന് മുംബൈ സെൻട്രൽ ജയിൽ സൂപ്രണ്ടിനോടും സുരക്ഷ ജീവനക്കാരോടും ജഡ്‌ജി നിര്‍ദേശിച്ചു. സ്‌കാനറുകളോ ഇലക്‌ട്രോണിക് ഉപകരണങ്ങളോ ലഭ്യമല്ലെങ്കിൽ വിചാരണ തടവുകാരനെ വ്യക്തിപരമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
'ദിവസവും ഒരു തടവുകാരന് 118 രൂപ ചെലവഴിക്കുന്നു': ഇന്ത്യൻ ജയിലുകളിലെ തടവുകാരിൽ 69.05 ശതമാനം പേരും വിചാരണ കാത്തിരിക്കുന്നവരെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കിയിരുന്നു. അവരിൽ നാലിലൊന്ന് ഭാഗം ഇതിനകം ഒരു വർഷത്തിൽ കൂടുതൽ ജയിലില്‍ കഴിയുന്നവരാണ്. ജയിലുകൾ ഓരോ ദിവസവും ഒരു തടവുകാരന് 118 രൂപ ചെലവഴിക്കുന്നുവെന്നും കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (സിഎച്ച്‌ആർഐ) നടത്തിയ വിശകലനത്തില്‍ വ്യക്തമാക്കുന്നു.