മുംബൈ: Mumbai Bar Raid: അന്ധേരിയിലെ ഒരു പ്രാദേശിക ബാറിൽ 15 മണിക്കൂർ നീണ്ട റെയ്‌ഡില്‍ രഹസ്യ അറയില്‍ നിന്ന് 17 പെണ്‍കുട്ടികളെ കണ്ടെത്തി. കൊവിഡ് പ്രോട്ടോക്കോളിന്‍റെ തുറന്ന ലംഘനം ആരോപിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് മുംബൈ പൊലീസിന്‍റെ സോഷ്യൽ സർവീസ് ബ്രാഞ്ച് റെയ്‌ഡ് നടത്തിയത്. അന്ധേരിയിലെ ദീപ ബാറിലായിരുന്നു സംഭവം.
ദിവസവും നൂറുകണക്കിന് സന്ദർശകരെത്തുകയും ലക്ഷക്കണക്കിന് രൂപ ലാഭമുണ്ടാക്കുകയും ചെയ്യുന്ന ഈ ബാറിൽ രാത്രി മുഴുവൻ ബാർ നർത്തകർ പരസ്യമായി നൃത്തം ചെയ്യുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഒരു എൻജിഒ ആണ് പരാതി നല്‍കിയത്. വിവരമറിഞ്ഞ് ശനിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് പൊലീസ് ബാറില്‍ റെയ്‌ഡ് നടത്തിയത്.
രഹസ്യം പൊളിച്ച് മേക്കപ്പ് റൂമിലെ കണ്ണാടി
പൊലീസിനെ പോലും അതിശയിപ്പിച്ച അത്യാധുനിക സംവിധാനങ്ങളായിരുന്നു ഡാൻസ് ബാറില്‍ സജ്ജീകരിച്ചിരുന്നത്. പൊലീസ് കാർ ബാർ പരിസരത്തേക്ക് കടന്ന ഉടനെ ബാർ നർത്തകരെല്ലാം അപ്രത്യക്ഷമായി. എൻജിഒയുടെ ഒരു ടീമിന്‍റെ അകമ്പടിയോടെ മുഴുവൻ പൊലീസ് സംഘവും ഡാൻസ് ബാറിന്‍റെ ബാത്ത്‌റൂമുകൾ, സ്‌റ്റോറേജ് റൂമുകൾ, അടുക്കളകൾ തുടങ്ങി എല്ലാ കോണുകളിലും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് പൊലീസ് ബാർ മാനേജരെയും കാഷ്യറെയും വെയിറ്റർമാരെയും ചോദ്യം ചെയ്‌തു. വിശദമായി ചോദ്യം ചെയ്‌തിട്ടും ബാർ നർത്തകരുടെ സാന്നിധ്യം ഇവരെല്ലാം ആവർത്തിച്ച് നിഷേധിച്ചു. തിരച്ചില്‍ ഏകദേശം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴാണ് മേയ്‌ക്കപ്പ് റൂമിലെ ചുവരിൽ ഒരു കൂറ്റൻ കണ്ണാടി കണ്ടത്.
കണ്ണാടിയുടെ വലിപ്പം പൊലീസ് ടീമിനെ സംശയത്തിലാക്കുകയും സംഘം അത് നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ കണ്ണാടി ഭിത്തിയിൽ നിന്ന് നീക്കം ചെയ്യാൻ പറ്റാത്ത വിധം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ സംശയം ബലപ്പെട്ടു. മുതിര്‍ന്ന അദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഗ്ലാസ് തകര്‍ത്ത പൊലീസും ഞെട്ടി.
അത്യാധുനിക സംവിധാനങ്ങളോടെ, എയര്‍ കണ്ടീഷന്‍ അടക്കം സജ്ജീകരിച്ച രഹസ്യ നിലവറയായിരുന്നു ഗ്ലാസിന് പിന്നില്‍. ഇതിനകത്ത് 17 ബാർ നർത്തകർ ഒളിച്ചിരുന്നു. ഗ്ലാസ് പൂർണ്ണമായും തകർക്കാൻ ഏകദേശം ഒരു മണിക്കൂറെടുത്തു.
20 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് നർത്തകരെയും മറ്റ് 3 ജീവനക്കാരെയും അറസ്‌റ്റ് ചെയ്‌തത്. നിലവിൽ ബാർ സീൽ ചെയ്‌തിട്ടുണ്ടെങ്കിലും രഹസ്യ ബേസ്‌മെന്‍റിന്‍റെ റിമോട്ട് കൺട്രോൾ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.