ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ തമിഴ്‌നാട് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മുല്ലപ്പെരിയാര്‍ തീരത്ത് താമസിക്കുന്ന ആറ് പേരാണ് ഹര്‍ജി സമര്‍പ്പിച്ചത്. പുതിയ ഡാം നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ വൈഗ ഡാമിന്‍റെ സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ തമിഴ് നാട്, കേരള, കേന്ദ്രസര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കഴിയുന്ന മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളുടെ ഭീതിയകറ്റാന്‍ ഈ നടപടികള്‍ ആവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 1895ല്‍ പണിത മുല്ലപ്പെരിയാര്‍ ഡാം ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നും 1979ലും 2011ലും ഉണ്ടായ ചെറു ഭൂചലനത്തില്‍ അണക്കെട്ടില്‍ വിള്ളലുകള്‍ ഉണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.
ALSO READ:മുല്ലപ്പെരിയാര്‍: തീരുമാനമെടുക്കേണ്ടത് മേല്‍നോട്ട സമിതി, കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച ആശങ്കയുണ്ടാക്കുന്നതാണ്. അണക്കെട്ടുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കളും സാങ്കേതിക വിദ്യയും കാലഹരണപ്പെട്ടതാണ്. ഘടനാപരമായി ഇത്തരം വിഷയങ്ങള്‍ ഉള്ളതുകൊണ്ട് ഡാം ഡി കമ്മീഷന്‍ ചെയ്യുന്ന കാര്യം മുമ്പ് പരിഗണിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തന്നെയാണ് പുതിയ ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്. നിലവിലെ അണക്കെട്ടിന്‍റെ സുരക്ഷ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയവും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.