ന്യൂഡൽഹി: മധ്യപ്രദേശ് ജനറൽ സെക്രട്ടറി ഇൻ-ചാർജ് സ്ഥാനത്ത് നിന്ന് മുകുൾ വാസ്‌നിക്കിനെ ഒഴിവാക്കി. ജയപ്രകാശ് അഗർവാളിനാണ് പകരം ചുമതല. വാസ്‌നിക് എഐസിസി ജനറൽ സെക്രട്ടറിയായി തുടരും.
സംഘടന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ അവസരമൊരുക്കണമെന്ന മുകുൾ വാസ്‌നിക്കിന്‍റെ ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗമായ എൻഎസ്‌യുഐയിൽ നിന്ന് തുടങ്ങിയ വാസ്‌നിക്ക് സംഘടനയിൽ ദീർഘകാല പരിചയമുള്ള ആളാണ് വാസ്‌നിക്. ഏറ്റവും കൂടുതൽ കാലം ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചയാളാണ് അദ്ദേഹം.
2019-ൽ പാർട്ടിയിലെ പരിഷ്‌കാരങ്ങൾക്കായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി-23-ലെ വ്യക്തികളിലൊരാളാണ് വാസ്‌നിക്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്‌ചകൾ ബാക്കിനിൽക്കെയാണ് സുപ്രധാന പ്രഖ്യാപനം. ശശി തരൂരും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും സ്ഥാനാർഥികളാകുമെന്ന് സൂചനകൾ ഉണ്ടെങ്കിലും അതിൽ വ്യക്തതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മുൻനിരക്കാരൻ. എന്നാൽ, മുതിർന്ന നേതാക്കളിൽ പലരും രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഗാന്ധി കുടുംബത്തിൽ നിന്നാരും അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടാണ് രാഹുലിന്‍റേത്.