രാംപൂർ: 'ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്' എന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്‌താർ അബ്ബാസ് നഖ്‌വി. രാഷ്‌ട്രീയ പാർട്ടികൾക്ക് ഇക്കാര്യത്തില്‍ മുൻവിധിയുള്ള ചിന്താഗതി ഉണ്ടാകരുത്. ഈ സുപ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണത്തിനായി രാഷ്‌ട്രീയ പാർട്ടികൾ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച 'ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്' ആശയം, രാംപൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് നഖ്‌വി പിന്തുണച്ചുകൊണ്ട് സംസാരിച്ചത്. എന്നാല്‍, രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനുള്ള ബിജെപി കേന്ദ്ര സര്‍ക്കാരിന്‍റെ ആശയത്തെ പ്രതിപക്ഷ പാർട്ടികള്‍ ശക്തമായി എതിര്‍ത്തിരുന്നു.
''കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്‌ട്രീയ പാർട്ടികളും 'തെരഞ്ഞെടുപ്പ് യന്ത്രങ്ങൾ' ആയാണ് പ്രവര്‍ത്തിക്കുന്നത്. ഇടക്കിടെയുള്ള തെരഞ്ഞെടുപ്പ് പൊതുഖജനാവിലെ പണം പാഴാക്കുന്നതിലേക്ക് നയിക്കും. വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനും ഇത് ഇടവരുത്തും. ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ 'ജനാധിപത്യോത്സവ'ത്തോട് ഉത്സാഹം കാണിക്കാത്ത സാഹചര്യമുണ്ട്'', നഖ്‌വി വ്യക്കമാക്കി.