അഹമ്മദാബാദ്: കൊവിഡിന്‍റെ മാരകമായ രണ്ടാം തരംഗം രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കെ, പ്രതിസന്ധി അതിരൂക്ഷമാക്കി ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസും. ബ്ലാക്ക് ഫംഗസിനെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത് രാജ്യത്താകമാനം ആശങ്കക്ക് വഴിയൊരുക്കി. കൊവിഡ് രോഗികളിലാണ് രോഗം കൂടുതലായി കണ്ട് വരുന്നത്.
മെയ് 20ന് ഗുജറാത്ത് മുഖ്യമന്ത്രി ബ്ലാക്ക് ഫംഗസിനെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ബ്ലാക്ക് ഫംഗസിന് ചികിത്സ നടത്തേണ്ടതുണ്ടെന്നും ചികിത്സയ്ക്കായുള്ള മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഫിസിഷൻ ഡോ. പ്രവീൺ ഗാർഗ് ഇടിവി ഭാരതിനോട് പ്രതികരിച്ചു.
ചികിത്സക്കായുള്ള മരുന്നുകളുടെ ഉത്പാദനം വേഗത്തിലാക്കാൻ ഫാർമസി കമ്പനികളോട് ഉത്തരവിടാനും ടെസ്റ്റുകൾ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവയുടെ വില സർക്കാർ നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ബിഹാർ സർക്കാർ
കഴിഞ്ഞ 15 ദിവസത്തിനിടയിൽ മ്യൂക്കോർമൈക്കോസിസ് കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ചുമ, ജലദോഷം, കണ്ണുകളിൽ നീർവീക്കം, തലവേദന, കവിളിൽ വീക്കം എന്നിവയാണ് രോഗത്തിന്‍റെ ലക്ഷണങ്ങൾ. സമയബന്ധിതമായ ഇടപെടൽ മൂക്ക്, താടിയെല്ലുകൾ, തലച്ചോറ് എന്നിവയിലേക്ക് ഫംഗസ് പടരുന്നത് തടയാൻ കാരണമാകുമെന്നും ഗാർഗ് കൂട്ടിച്ചേർത്തു.
Also Read: ബ്ലാക്ക് ഫംഗസിനെ ഗൗരവ രോഗമായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്
രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഹരിയാന എന്നിവയും മ്യൂക്കോമൈക്കോസിസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 1897 ലെ പകർച്ചവ്യാധി നിയമപ്രകാരം മ്യൂക്കോർമൈക്കോസിസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.