ചെന്നൈ: ബോഡി ബിൽഡറും മുന്‍ മിസ്റ്റര്‍ തമിഴ്‌നാട് ജേതാവുമായ യോഗേഷ് (41) ഹൃദയാഘാതം മൂലം അന്തരിച്ചു (Former Mr Tamil Nadu Dies Of Heart Attack in Chennai). വിവിധ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും നിരവധി മെഡലുകൾ നേടുകയും ചെയ്‌തിട്ടുണ്ട്. 2021 ൽ മാത്രം 9 ലധികം ബോഡി ഷോകളിൽ അദ്ദേഹം പങ്കെടുത്തു. 2021 ലെ 'മിസ്റ്റർ തമിഴ്‌നാട്' പട്ടവും യോഗേഷ് നേടിയിട്ടുണ്ട്.
2021 ൽ വിവാഹം നടന്നശേഷം ബോഡി ബിൽഡിംഗിൽ നിന്ന് ഇടവേള എടുത്ത യോഗേഷ് തുടർന്ന് വിവിധ ജിമ്മുകളിൽ ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊരട്ടൂർ ബസ് സ്റ്റേഷന് സമീപമുള്ള ജിമ്മിൽ പരിശീലകനായി ജോലി ചെയ്‌തു വരികയായിരുന്നു ഇയാൾ. ശനിയാഴ്‌ച വൈകിട്ട് 5.45 ന് ജിമ്മിലെ ശുചിമുറിയിൽ വച്ച് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയും അവിടെ കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു.
ശുചിമുറിയിൽ പോയ യോഗേഷ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നി ജിമ്മിലെ പഠിതാക്കൾ വാതിൽ തകർത്ത് അകത്ത് കയറിയപ്പോളാണ് അദ്ദേഹം ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ യോഗേഷിനെ കിൽപ്പോക്ക് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാഹശേഷം ബോഡി ബിൽഡിങ്ങിൽ സജീവമല്ലാതിരുന്ന യോഗേഷ് ഭാരോദ്വഹനം അടക്കമുള്ള കായികാഭ്യാസങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സംഭവദിവസം അദ്ദേഹം പതിവില്ലാതെ ഭാരോദ്വഹനം അടക്കമുള്ള കഠിന വ്യായാമ മുറകൾ പരിശീലിച്ചതായി പറയപ്പെടുന്നു. ഇതാണ് പിന്നീട് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിനു പിന്നാലെ കൊരട്ടൂർ പൊലീസ് യോഗേഷ് ജോലി ചെയ്യുന്ന ജിമ്മിൽ എത്തി. അന്നേദിവസം അവിടെയുണ്ടായിരുന്ന മറ്റ് പരിശീലകരെയും പഠിതാക്കളെയും പൊലീസ് ചോദ്യം ചെയ്‌തു. മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.