ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം പരീക്ഷ കുംഭകോണത്തില്‍ 160 പേരെ കൂടി ഉള്‍പ്പെടുത്തി സിബിഐ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. മധ്യപ്രദേശിലെ പ്രധാനപ്പെട്ട മൂന്ന് മെഡിക്കല്‍ കോളജുകളുടെ ചെയര്‍മാന്മാരും പുതിയ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. 2013ല്‍ നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ ക്രമക്കേടില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.
വ്യാപം കുഭകോണത്തിന്‍റെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം ഇതോടെ 650ആയി. സര്‍ക്കാര്‍ ജോലികളിലേക്കും മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശന പരീക്ഷകള്‍ നടത്താന്‍ വേണ്ടി മധ്യപ്രദേശ് സര്‍ക്കാര്‍ രൂപികരിച്ച സ്വതന്ത്ര സ്ഥാപനമാണ് വ്യാവസായിക് പരീക്ഷ മണ്ഡല്‍. ഇതിന്‍റെ ചുരുക്ക പേരാണ് വ്യാപം.
വ്യാപം നടത്തിയ പ്രവേശന പരീക്ഷകളില്‍ നിരവധി ക്രമക്കേടുകള്‍ 2013ല്‍ കണ്ടെത്തിയിരുന്നു. പല രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഈ അഴിമതിയില്‍ വിചാരണ നേരിടുകയാണ്. കുറ്റപത്രത്തില്‍ പുതുതായി ഉള്‍പ്പെട്ടവരില്‍ വ്യാപം മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പങ്കജ് ത്രിവേദിയും ഉള്‍പ്പെടുന്നു. ഭോപ്പാലിലെ ചിരായു മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അജയ് ഗൊയങ്ക, ഭോപ്പാലിലെ തന്നെ പീപ്പിള്‍സ് മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എസ് എന്‍ വിജയ്‌വര്‍ഗിയ, ഇന്‍ഡോറിലെ ഇന്‍ഡെക്സ് മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ സുരേഷ് സിങ് ബധോരിയ എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മെഡിക്കല്‍ കോളജ് ചെയര്‍മാന്‍മാര്‍.
പരീക്ഷയില്‍ എഞ്ചിന്‍ - ബോഗി എന്ന് വിളിക്കപ്പെടുന്ന ക്രമക്കേടാണ് നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കി. സമര്‍ഥരായ വ്യക്തി(എഞ്ചിന്‍) മുന്നിലിരിക്കുകയും തൊട്ട് പിന്നിലിരിക്കുന്ന പരീക്ഷാര്‍ഥി(ബോഗി) മുന്നിലിരിക്കുന്ന 'എഞ്ചിന്‍' എഴുതി കൊടുക്കുന്ന ഉത്തരങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന ക്രമക്കേടാണ് എഞ്ചിന്‍-ബോഗി ക്രമക്കേട്. പരീക്ഷ നടത്തിപ്പിന്‍റെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്താണ് ക്രമക്കേട് നടത്തുന്നതിനാവശ്യമായ സീറ്റിങ് അറേഞ്ച്മെന്‍റ് ലഭ്യമാക്കുക.
'ബോഗി'കളെന്ന് വിശേഷിപ്പിച്ച 56 പരീക്ഷാര്‍ഥികളും ഇവരെ സഹായിച്ച 'എഞ്ചിനു'കളെന്ന് വിശേഷിപ്പിച്ച 46 പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐപിസിയിലെ(ഇന്ത്യന്‍ പീനല്‍ കോഡ്) ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറട്ടത്തിലൂടെയുള്ള വഞ്ചന എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
1995 മുതലാണ് വ്യാപം കുഭകോണം ആരംഭിക്കുന്നത്. 2013ലാണ് കുഭകോണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് 2015ലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.
ALSO READ: അഹ്മദാബാദ് സ്ഫോടനക്കേസിൽ 38 പേര്‍ക്ക് വധശിക്ഷ; നാല് പേര്‍ മലയാളികള്‍