ഭോപ്പാല്‍: വിദ്യാർത്ഥികളെ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് മധ്യപ്രദേശില്‍ കോണ്‍വെന്‍റ് സ്‌കൂളിന് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം. വിദിഷയിലെ സെന്‍റ് ജോസഫ് കോൺവെന്‍റ് സ്‌കൂളാണ് ബജ്‌റംഗ്‌ദളും വിശ്വഹിന്ദു പരിഷത്തും മറ്റ് ഹിന്ദു സംഘടനകളും ചേർന്ന് ആക്രമിച്ചത്.
തിങ്കളാഴ്‌ച പ്ലസ് ടു പരീകള്‍ നടക്കുന്നതിനിടെയാണ് സ്‌കൂളിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂളിന് മുന്നിൽ മുദ്രാവാക്യം വിളിച്ച അക്രമി സംഘം കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തി. അക്രമത്തെ തുടർന്ന് വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടി വന്നു.
സംഭവത്തെ തുടര്‍ന്ന് ഗഞ്ച് ബസോദയിലെ എസ്‌ഡിഎം റോഷൻ റായ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. സ്‌കൂളിന് ചുറ്റും വൻ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളിൽ പഠിക്കുന്ന എട്ട് കുട്ടികളെ ക്രിസ്ത്യാനികളാക്കിയെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടകള്‍ ആക്രമണം നടത്തിയത്. നിലവിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ആശുപത്രി പണിയുന്നതിനായി ഗഞ്ച് ബസോദയിലെ താമസക്കാരനായ രാജേഷ് മാത്തൂർ എന്നയാള്‍ സംഭാവ നല്‍കിയതാണെന്ന് വിശ്വഹിന്ദു പരിഷത്ത് മേധാവി നിലേഷ് അഗർവാൾ പറഞ്ഞു.
എന്നാൽ, ആശുപത്രിക്ക് പകരം വാണിജ്യലാഭത്തിനായി കോൺവെന്‍റ് സ്‌കൂൾ നിര്‍മ്മിച്ചുവെന്നും വിദ്യാർഥികളിൽ നിന്നും വൻ തുകയാണ് ഈടാക്കുന്നതെന്നും നിലേഷ് അഗർവാൾ ആരോപിച്ചു. മതപരിവര്‍ത്തനമടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം വേണമെന്നും നിലേഷ് അഗർവാൾ അവശ്യപ്പെട്ടു.
അതേസമയം കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്നെന്നാരോപിച്ച് പരാതി ലഭിച്ചതായി എസ്‌ഡിഎം പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.