തിരുവനന്തപുരം : 2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെങ്കില്‍ അതായിരിക്കും ലോക്‌സഭയിലേക്കുള്ള തന്‍റെ അവസാന മത്സരമെന്ന് എംപിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ ശശി തരൂര്‍ (Shashi Tharoor On Parliament Elections 2024). പൊതു തെരഞ്ഞെടുപ്പുകളില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായാണ് താന്‍ ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് നിന്നും ജനവിധി തേടാന്‍ തയ്യാറാണെങ്കിലും പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു (MP Shashi Tharoor About His Future In Lok Sabha Elections).
'തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ഒരു ടേം കൂടി മത്സരിക്കാന്‍ തയ്യാറാണ്. പാര്‍ട്ടിയാണ് ഈക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ സ്ഥാനാര്‍ഥിയാകും. അങ്ങനെ വന്നാല്‍ ലോക്‌സഭയിലേക്ക് ഞാന്‍ മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പ് ആയിരിക്കും വരുന്നത്' - ശശി തരൂര്‍ പറഞ്ഞു.
2009 മുതല്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ശശി തരൂര്‍. തന്‍റെ ആദ്യ ടേമില്‍ സിപിഐയുടെ പി രാമചന്ദ്രന്‍ നായരെ 95,000ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് ശശി തരൂര്‍ എംപിയായത്. പിന്നീട് 2014, 2019 വര്‍ഷങ്ങളിലും ജയം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായി.
അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കണ്ട അദ്ദേഹം അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളോടും പ്രതികരിച്ചിരുന്നു (Shashi Tharoor MP On Ayodhya Ceremony). രാഷ്‌ട്രീയ വേദിയായി ക്ഷേത്രങ്ങളെ മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്നും ശശി തരൂര്‍ ആരാഞ്ഞു.
ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. അവരാണ് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. വ്യക്തികളായി അവിടേക്ക് പോകാൻ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍, സമയവും സാഹചര്യവുമാണ് പ്രശ്‌നം. മതവിശ്വാസം ഇല്ലാത്ത പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട് ഇക്കാര്യത്തില്‍ അവര്‍ക്ക് പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുക്കാം.
സിപിഎമ്മോ ബിജെപിയോ അല്ല കോണ്‍ഗ്രസ്. വിശ്വാസികൾ ഉള്ള പാർട്ടിയാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ഒരു നിലപാടിലേക്ക് എത്താന്‍ സമയം ആവശ്യമുണ്ടാകും. ദൈവങ്ങളെ പൂജിക്കാനുളള വേദിയായിട്ടാണ് താന്‍ ക്ഷേത്രങ്ങളെ കാണുന്നത് എന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.