ഇൻഡോർ: യുവതിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളെ 10 വർഷത്തിന് ശേഷം വെറുതെ വിട്ട് മധ്യപ്രദേശ് ഹൈക്കോടതി. 2012ൽ ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് നടത്തിയ വിധിക്കെതിരായ അപ്പീൽ പരിഗണിക്കവെയാണ് തെളിവുകൾ ശേഖരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് കാട്ടി ജസ്റ്റിസുമാരായ സുബോധ് അഭ്യങ്കറും സത്യേന്ദ്ര കുമാർ സിങും അടങ്ങുന്ന ഇൻഡോർ ബെഞ്ച് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
'കൊല്ലപ്പെട്ട യുവതിയുടെ കൈയിൽ നിന്ന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഒരു മുടി കണ്ടെത്തിയിരുന്നു. എന്നാൽ കണ്ടെത്തിയ മുടി പൊലീസ് പിടികൂടിയ പ്രതിയുടേതാണോ എന്ന് കണ്ടെത്താൻ ഡിഎൻഎ ടെസ്റ്റ് ആവശ്യമാണെന്ന് സയന്‍റിഫിക് ഓഫിസറുടെ പ്രത്യേക നിരീക്ഷണം ഉണ്ടായിരുന്നു. എന്നാൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല', കോടതി പറഞ്ഞു.
'ഇത് തികഞ്ഞ അനീതിയാണ്. യഥാർഥ കുറ്റവാളിയെ പിടികൂടാനോ അല്ലെങ്കിൽ പ്രതി സ്വതന്ത്രനാകാനോ കോടതിയുടെ തെറ്റായ ഉത്തരവ് കാരണമായി. അപ്പീലുകാരനെ അറസ്റ്റ് ചെയ്‌ത് തെളിവുകൾ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഫോറൻസിക് റിപ്പോർട്ടിന് മേൽ അന്വേഷണ ഉദ്യോഗസ്ഥൻ ഉറങ്ങുകയായിരുന്നു എന്ന് തോന്നുന്നു, കോടതി പറഞ്ഞു.
2011ൽ ധാറിലെ ഒരു വയലിൽ വച്ച് ഒരു സ്‌ത്രീയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഇയാളെ ജീവപര്യന്തം തടവിന് വിധിച്ചത്. തന്‍റെ കക്ഷിയെ തെറ്റായി പ്രതിചേർത്ത് അറസ്റ്റ് ചെയ്‌തിരിക്കുകയാണെന്നും കേസിലെ സാഹചര്യ തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും പരാതിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചിരുന്നു.