ഭോപ്പാൽ : ജൂലൈ 15നകം സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന എല്ലാ തടവുകാർക്കും വാക്സിന്‍ നൽകാൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു. ജൂൺ ഒന്നിന് തടവുകാർക്ക് വാക്സിനേഷൻ നൽകാൻ ആരംഭിച്ചിരുന്നു. ജൂലൈ 15നകം എല്ലാവർക്കും ആദ്യ ഡോസ് നൽകണമെന്നാണ് സർക്കാർ ലക്ഷ്യമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജേഷ് രാജോറ പറഞ്ഞു.
സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ ഉത്തരവ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് രണ്ടാമത്തെ ഡോസ് നിശ്ചിത കാലയളവിന് ശേഷം നൽകുമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് പരിശോധനയ്ക്ക് ശേഷം മാത്രമേ പുതിയ തടവുകാരെ ജയിലുകളിൽ പ്രവേശിപ്പിക്കാവൂ എന്ന് സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും രാജേഷ് രാജോറ പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ 131 ജയിലുകളിലായി 49,000 തടവുകാരുണ്ട്. ഇതിൽ 7,100 പേർക്ക് വാക്സിൻ നൽകി.