ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥക്ക് ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് അനുമതി. ഭോപ്പാല്‍ ജില്ല പൊലീസ് സേനയിലെ വനിത പൊലീസ് കോണ്‍സ്റ്റബിളാണ് ലിംഗ മാറ്റ ശസ്‌ത്രക്രിയയിലൂടെ ആണ്‍ ഉടലിലേക്ക് മാറുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ സര്‍വീസിലിരിക്കെ ജന്‍ഡര്‍ മാറുന്നത്.
ചെറിയ പ്രായം മുതലേ ജന്‍ഡര്‍ ഐഡന്‍റിറ്റി പ്രതിസന്ധി നേരിട്ടിരുന്ന ഇവര്‍ ഗ്വാളിയാറിലെ ഗാന്ധി മെഡിക്കല്‍ കോളജ്, ജയരോഗ് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്‌ടര്‍മാരുമായി ബന്ധപ്പെട്ടു. ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയരാകാന്‍ ഡോക്‌ടര്‍മാർ നിര്‍ദേശിച്ചു.
തുടർന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ ഇതിനായി അനുമതി തേടി. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ബുധനാഴ്‌ച അറിയിച്ചു. 2018ല്‍ മഹാരാഷ്‌ട്രയിലെ ബീഡില്‍ ലളിത സാല്‍വേ എന്ന പൊലീസ് ഓഫിസര്‍ സര്‍വീസിലിരിക്കെ ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയയായിരുന്നു. മഹാരാഷ്‌ട്രയില്‍ ജെന്‍ഡര്‍ മാറിയ ആദ്യത്തെ വനിത കോണ്‍സ്റ്റബിളാണ് ലളിത സാല്‍വേ.
Also read: ലഹരി ഉപയോഗത്തിനെതിരെ സൈക്കിൾ സവാരി; ഇന്ത്യ ചുറ്റാൻ തയാറെടുത്ത് ഷംസീദ്