ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാഡോളിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെ എട്ട് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ നാല് ദിവസത്തിനിടെയായിരുന്നു സംഭവം. നവംബർ 27 നും 30 നും ഇടയിലാണ് നവജാത ശിശുക്കള്‍ മരിച്ചത് . പീഡിയാട്രിക് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലും സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലും ചികിത്സയിലായിരുന്നു നവജാത ശിശുക്കളെന്ന് ഷാഡോളിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ രാജേഷ് പാണ്ഡെ പറഞ്ഞു. ഇതില്‍ രണ്ട് കുട്ടികളെ വിദഗ്ദ ചികിത്സക്കായി അനുപൂരില്‍ നിന്നും കൊണ്ടുവന്നതാണ്.
നിലവില്‍ 33 കുട്ടികള്‍ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുണ്ട്. കൂടാതെ എട്ട് പേർ പിഐസിയുവിലും ചികിത്സയിലാണെന്ന് ഡോ. പാണ്ഡെ പറഞ്ഞു. കുഞ്ഞുങ്ങളുടെ മരണത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മെഡിക്കല്‍ സ്റ്റാഫിന്‍റെ അശ്രദ്ധയാണ് മരണങ്ങള്‍ക്ക് കാരണമായതെന്ന ആരോപണം ശരിയാണോ എന്ന് അന്വേഷിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി പ്രഭുരം ചൗധരി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.