1957 ജൂൺ ഒന്നിന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ആണ് മൊട്ട രാജേന്ദ്രന്‍റെ ജനനം. എ. രാജേന്ദ്രൻ, അതാണ് രേഖകളിലെ പേര്. പിൽക്കാലത്ത് 'നാൻ കടവുൾ രാജേന്ദ്രൻ, മൊട്ട രാജേന്ദ്രൻ' എന്നിങ്ങനെ അദ്ദേഹം അറിയപ്പെട്ടു തുടങ്ങി.
അഞ്ഞൂറോളം സൗത്ത് ഇന്ത്യൻ സിനിമകളിൽ ഡ്യൂപ്പ് ആർട്ടിസ്റ്റായും സ്റ്റണ്ട് മാനായും പ്രവർത്തിച്ച ശേഷം, 2003ൽ ബാല സംവിധാനം ചെയ്‌ത 'പിതാമഹൻ' എന്ന ചിത്രത്തിലൂടെയാണ് രാജേന്ദ്രൻ ക്യാരക്‌ടർ വേഷങ്ങൾ ചെയ്‌ത് തുടങ്ങുന്നത്. പിന്നീട് ബാല തന്നെ സംവിധാനം ചെയ്‌ത 'നാൻ കടവുൾ' എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം മൊട്ട രാജേന്ദ്രന് തമിഴ് സിനിമയിൽ ശ്രദ്ധേയ സ്ഥാനം നേടി കൊടുത്തു.
ആത്മവിശ്വാസവും കഠിന പ്രയത്നവും കൈമുതലാക്കിയ പ്രിയ നടൻ ഇ ടി വി ഭാരതിനോട് മനസ് തുറക്കുന്നു. പ്രായം 66 കഴിഞ്ഞെങ്കിലും പ്രായത്തിന്‍റേതായ പരിമിതികൾ പുറത്തു കാണിക്കുന്നത് അദ്ദേഹത്തിന് ഇഷ്‌ടമല്ല. മൊട്ട രാജേന്ദ്രൻ എന്ന മനുഷ്യന്‍റെ എളിമ തന്നെയാണ് ഇൻഡസ്‌ട്രിയിൽ അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നതും. ദിവസവും രാവിലെ 5 മണിക്ക് എഴുന്നേൽക്കും. രണ്ടു മണിക്കൂർ വ്യായാമം. ഉറക്കം മുടങ്ങിയാലും വ്യായാമം മുടങ്ങാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും. പിന്നെ ഒരു കട്ടൻ ചായ, ശേഷം ഒരു ബീഡിയും, കിട്ടിയാൽ ഒരു തമിഴ് പത്രവും.
സെറ്റിലെത്തിയാൽ പൊതുവേ ഇരിക്കാറില്ല. അദ്ദേഹത്തിനായി ഒരു കസേര ഒഴിച്ചിട്ടാലും വേണ്ട എന്ന് എളിമയോടെ പറഞ്ഞു ഒരു വശത്തേക്ക് മാറി നിൽക്കും. നിർബന്ധിച്ചിട്ടും കാര്യമില്ല. കാര്യം തിരക്കിയാൽ ചിരിയാകും മറുപടി. സെറ്റുകളിൽ അദ്ദേഹത്തിനായി പ്രത്യേക ഭക്ഷണം ഒന്നും തന്നെ ഇല്ല. കിട്ടുന്നതെന്തും കഴിക്കും. മട്ടനും നാടൻ കോഴിയും പ്രിയം. ഡയറ്റ് ചോദിക്കാതിരുന്നാൽ സന്തോഷം.
ലൈറ്റ് ബോയ് മുതൽ സംവിധായകനെ വരെ 'സർ' എന്നോ 'തലൈവ' എന്നോ അഭിസംബോധന ചെയ്‌താണ് വിളിക്കാറ്. ദിവസം മുഴുവൻ സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിച്ചാലും പിറ്റേന്നു രാവിലെ ആറുമണിക്ക് സെറ്റിലെത്തുന്നതിൽ യാതൊരു മടിയോ പരിഭവമോ കാണിക്കാറില്ല. ഇടയ്‌ക്ക് മലയാള സിനിമയെപ്പറ്റി കുശലം ചോദിച്ചാൽ തന്‍റെ ദേഹത്തെ രോമങ്ങൾ മുഴുവൻ കൊഴിഞ്ഞു പോകാൻ കാരണമായ ഒരു അപകടത്തെപ്പറ്റി തെല്ലു നിരാശയോടെ എന്നാൽ കൂടുതൽ ആത്മവിശ്വാസത്തോടു കൂടി തുറന്നു പറയും.
വിജയരാഘവൻ നായകനായി അഭിനയിച്ച ഒരു മലയാള ചിത്രത്തിന്‍റെ സംഘട്ടനത്തിനിടയിൽ അടിയേറ്റ് അദ്ദേഹം പുഴയിലേക്ക് ചാടുകയുണ്ടായി. തൊട്ടടുത്ത ഫാക്‌ടറിയിൽ നിന്നും തുറന്നു വിട്ട കെമിക്കൽ വേസ്റ്റ് തന്‍റെ ശരീരവുമായി പ്രവർത്തിച്ച് പുരികവും മീശയും താടിയും മുടിയും കൊഴിഞ്ഞു പോയത് തെല്ലു നിരാശയോടെ പറഞ്ഞവസാനിപ്പിക്കും. പക്ഷേ ഇപ്പോഴത്തെ രൂപമാണ് തന്‍റെ ഭാഗ്യം എന്ന് അയാൾ വിശ്വസിക്കുന്നു. തനിക്ക് ഇങ്ങനെ ഒരു രൂപം ലഭിച്ചില്ലായിരുന്നുവെങ്കിൽ എക്കാലവും ഒരു സ്റ്റണ്ട് മാൻ ആയോ ഒരു ബോഡി ഡബിൾ ആയോ ജീവിച്ച് അവസാനിപ്പിക്കേണ്ടി വന്നേനെ എന്ന് അദ്ദേഹം പറയുന്നു.
'നാൻ കടവുളി'ലെ ക്രൂരനായ വില്ലനിൽ നിന്നും പൊട്ടിച്ചിരിപ്പിക്കുന്ന പ്രേക്ഷക പ്രീതിയുള്ള ധാരാളം കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. എങ്കിലും ഇപ്പോഴും ആക്ഷൻ രംഗങ്ങൾ ചെയ്യാൻ തനിക്ക് ഒരു മടിയും ഇല്ലെന്ന് അദ്ദേഹം തുറന്നു പറയാറുണ്ട്. സംവിധായകനും തിരക്കഥാകൃത്തും അദ്ദേഹത്തോട് കഥയും കഥാപാത്രവും വിവരിച്ചു കൊടുക്കുമ്പോൾ കൃത്യമായി ഉൾക്കൊണ്ട് അതേ ഇമോഷനിൽ തന്നെയാണ് അദ്ദേഹം കേട്ടവസാനിപ്പിക്കുക.
കഥാപാത്രത്തെ ഇഷ്‌ടമായാൽ ഇഷ്‌ടപ്പെട്ടെന്നും, ഇല്ലെങ്കിൽ ഇഷ്‌ടപ്പെട്ടില്ല എന്നും തുറന്നു പറയാനുള്ള ധൈര്യം അദ്ദേഹം എല്ലായ്‌പ്പോഴും കാണിക്കാറുണ്ട്. ഇത്തരമൊരു സമീപനം തന്നെയാണ് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾക്ക് പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നതിനും കാരണമായത്. ആര്യയ്‌ക്കൊപ്പം അഭിനയിച്ച 'ബാസ് എങ്കിര ഭാസ്‌കരൻ' വിജയ്‌ക്കൊപ്പമുള്ള 'തെറി' തുടങ്ങിയ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
രാത്രി 10 മണിക്ക് അപ്പുറം ജോലി ചെയ്യാനിഷ്‌ടപ്പെടാത്ത, എന്നാൽ ചെയ്യേണ്ടി വന്നാലും ഒരു പരിഭവവും പറയാത്ത സ്വഭാവ പ്രകൃതമാണ് അദ്ദേഹത്തിനുള്ളത്. ആക്ഷൻ രംഗങ്ങളിലുള്ള ചുറുചുറുക്ക് ഇപ്പോഴും അദ്ദേഹത്തിന്‍റെ പകുതി പ്രായമുള്ള അഭിനേതാക്കളെക്കാൾ പതിന്മടങ്ങാണ്. അടുത്തിടെ അഭിനയിച്ച ഒരു മലയാള ചിത്രത്തിൽ നിന്നുള്ള സംഘടനത്തിന്‍റെ മേക്കിങ് വീഡിയോയിൽ ഒരു 66 കാരന്‍റെ യാതൊരു ശാരീരിക പരിമിതികളും പ്രകടമായി കാണാനാകില്ല.
സമുദ്രക്കനി കേന്ദ്ര കഥാപാത്രമായി എത്തിയ തെലുഗു ചിത്രം 'വിമാന'മാണ് മൊട്ട രാജേന്ദ്രൻ അവസാനമായി അഭിനയിച്ച് റിലീസായ ചലച്ചിത്രം. ശബ്‌ദം കൊണ്ടും രൂപം കൊണ്ടും അഭിനയ ചാരുത കൊണ്ടും ജനഹൃദയങ്ങളിൽ കുടിയിരിക്കുന്ന മൊട്ട രാജേന്ദ്രന്‍റെ കൂടുതൽ കഥാപാത്രങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.