ചെന്നൈ: സേലത്ത് അമ്മ ബിസിനസുകാരന് വിൽപ്പന നടത്തിയ മകളെ മുത്തശ്ശി രക്ഷപ്പെടുത്തി. സേലം ജില്ലയിലെ സീലനൈകൻപട്ടിയിലാണ് മനസാക്ഷിയെ മരവിപ്പിച്ച സംഭവമുണ്ടായത്. സീലനൈകൻപട്ടി നിവാസിയായ സതീഷ് സുമതി ദമ്പതികളുടെ ഏഴ് വയസ്സുള്ള പെൺകുട്ടിയെയാണ് സ്വന്തം അമ്മ സേലത്തെ കൃഷ്ണൻ എന്ന ബിസിനസുകാരന് വിറ്റത്.
സേലം ജില്ലയിലെ സീലനൈകൻപട്ടി നിവാസിയായ സതീഷ് സുമതി ദമ്പതികൾക്ക് പത്തും ഏഴും വയസ്സുള്ള രണ്ട് പെൺകുട്ടികളും ആറ് വയസ്സുള്ള ഒരു ആൺകുട്ടിയുമാണുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി കൃഷ്ണന്‍റെ വീട്ടിൽ വീട്ടുജോലിക്കാരിയായിരുന്ന സുമതി ഏഴുവയസ്സുള്ള മകളെ 10 ലക്ഷം രൂപയ്ക്കാണ് വിറ്റത്.
തന്‍റെ ഏഴുവയസ്സുള്ള കൊച്ചു മകളെ കൃഷ്ണന് 10 ലക്ഷം രൂപയ്ക്ക് വിറ്റതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുമതിയുടെ അമ്മ പൊലീസിനെ അറിയിച്ചു. മുത്തശ്ശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ അവിടെയെത്തി അന്വേഷണം നടത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടി കൃഷ്ണനൊപ്പം താമസിക്കുന്നതായി കണ്ടെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി ജില്ലാ ശിശു സംരക്ഷണ സമിതിയിൽ ഏൽപ്പിക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ പെൺകുട്ടിയെ സംരക്ഷിക്കാനായി തന്നെ ഏൽപ്പിക്കണമെന്ന് കുട്ടിയുടെ മുത്തശ്ശി ചിന്ന പൊണ്ണ് അഭ്യർത്ഥിച്ചു. പെണ്‍കുട്ടിയെ ഒരു ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായും സുമതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.