രുദ്രാപൂർ/ ഉത്തരാഖണ്ഡ് : പ്രായപൂർത്തിയാകാത്ത മകളെ സെക്‌സ് റാക്കറ്റിന് വിറ്റ സംഭവത്തിൽ അമ്മ ഉൾപ്പെടെ അഞ്ച് സ്ത്രീകൾ പിടിയിൽ. ഇരയുടെ അമ്മയേയും, സഹോദരിയേയും മറ്റ് മൂന്ന് സ്‌ത്രീ സുഹൃത്തുക്കളെയുമാണ് രുദ്രാപൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നിലേറെ തവണയാണ് ഇവർ പെണ്‍കുട്ടിയെ പണത്തിനായി വിറ്റത്.
പെണ്‍കുട്ടിയുടെ അമ്മ, തന്‍റെ സഹോദരി മകളെ വിറ്റതായി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയും ഇതിൽ പങ്കാളിയാണെന്ന് കണ്ടെത്തിയത്.
ഇതിന് മുൻപ് മൂന്ന് തവണ കുട്ടിയെ അമ്മ വിറ്റിട്ടുണ്ടെന്നും ഇത്തവണ വിറ്റിടത്ത് നിന്ന് പെണ്‍കുട്ടിക്ക് രക്ഷപ്പെടാൻ കഴിയാതെ വന്നപ്പോൾ അമ്മ സഹോദരിക്കെതിരെ പരാതി നൽകുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
പെണ്‍കുട്ടിയെ മൂന്ന് തവണ ഇവർ വിവാഹം കഴിപ്പിക്കുകയും ചെയ്‌തിരുന്നു. രണ്ട് വർഷമായി മകളെ അമ്മ 200 രൂപയ്‌ക്ക് പലർക്കും കാഴ്‌ചവയ്‌ക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.