തഞ്ചാവൂര്‍: New born baby Killed നവജാത ശിശുവിനെ ശൗചാലയത്തിന്‍റെ ഫ്ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ മൂന്നിനാണ് സംഭവം. കേസില്‍ തഞ്ചാവൂര്‍ സ്വാദേശിനിയും കുഞ്ഞിന്‍റെ മാതാവുമായ പ്രിയദര്‍ശിനിയെ (23) പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹേതര ലൈംഗിക ബന്ധത്തിലൂടെയായിരുന്നു യുവതിക്ക് കുട്ടി പിറന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രസവശേഷം ഡിസംബര്‍ മൂന്നാം തിയതിയാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. നാലാം തിയതി ആശുപത്രിയിലെ ആക്സിഡന്‍റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ വിഭാഗത്തിന് അടുത്തുള്ള ശൗചാലയത്തില്‍ ഫ്ലഷ് പ്രവര്‍ത്തന രഹിതമായിരുന്നു. ഇതേ തുടര്‍ന്ന് അധികൃതരെത്തി ഫ്ലഷ് തുറന്ന് പരിശോധിച്ചു. ഇതോടെയാണ് പൊക്കിള്‍ കൊടിയോടു കൂടി നവജാത ശിശുവിനെ കണ്ടെത്തിയത്. വിവരം അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദര്‍ശിനിയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ഡിസംബര്‍ മൂന്നാം തിയതി യുവതി കുഞ്ഞുമായി ശൗചാലയത്തിലേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. യുവതിക്കെതിരെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.